ശ്രീകണ്ഠപുരം: നിയമം നടപ്പാക്കുന്നതിനിടെ പച്ചക്കറി കൃഷിയും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് കുടിയാൻമല പൊലീസ്. മാസങ്ങൾക്ക് മുമ്പാണ് പച്ചക്കറി കൃഷിയെ പറ്റി ആലോചിച്ചത്. കൃഷിഭവനിൽ നിന്ന് സൗജന്യമായി ലഭിച്ച വിത്തുകൾ സ്റ്റേഷൻ വളപ്പിൽ നടുകയും ചെയ്തു. ചേമ്പ്, ചേന, പയർ, വെണ്ട, വഴുതിന, മത്തൻ തുടങ്ങി വിവിധയിനങ്ങളാണ് നട്ടത്.
ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളിലാണ് ഇവിടത്തെ പൊലീസുകാർ കൃഷി പരിപാലിച്ചത്. ഇതോടെ, മികച്ച വിളവുണ്ടാക്കാനും കഴിഞ്ഞു. സ്റ്റേഷനിൽ ഉച്ചഭക്ഷണത്തിന് കറിയുണ്ടാക്കാൻ പച്ചക്കറികൾ ഇനി വില കൊടുത്തു വാങ്ങേണ്ടതില്ലെന്നും ഇനിയും കൃഷി തുടരുമെന്നും പൊലീസുകാർ പറഞ്ഞു.
ജോലിക്കിടയിലുള്ള സമ്മർദമൊഴിവാക്കാൻ ഇടവേളകളിലെ കാർഷികവൃത്തി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് കുടിയാൻമല എസ്.എച്ച്.ഒ ഇൻസ്പെക്ടർ ജെ. പ്രദീപ് പറഞ്ഞു. പൊലീസുകാരും കൃഷി വകുപ്പുദ്യോഗസ്ഥരും ചേർന്ന് കഴിഞ്ഞദിവസം പച്ചക്കറി വിളവെടുപ്പ് നടത്തി.