പട്ടാപ്പകല്‍ വീട്ടിൽ കവര്‍ച്ച; 87,200 രൂപയും രണ്ടര പവനും നഷ്ടമായി
text_fieldsകവർച്ച നടന്ന പൊടിക്കളത്തെ ദാക്ഷായണിയുടെ വീട് ശ്രീകണ്ഠപുരം പൊലീസ് പരിശോധിക്കുന്നു
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 87,200 രൂപയും രണ്ടര പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പൊടിക്കളം കക്കാട്ട് വയലിലെ ഒന്നാംകണ്ടിപ്പറമ്പില്‍ ദാക്ഷായണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ 8.30ന് ദാക്ഷായണിയും ഭര്‍ത്താവ് പ്രകാശനും വീട് പൂട്ടി ജോലിക്ക് പോയതായിരുന്നു. വൈകീട്ട് 5.30ഓടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലായത്.
പിന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. അലമാരയില്‍ സൂക്ഷിച്ച പണം, രണ്ടേകാല്‍ പവന്റെ താലിമാല, കാല്‍പവന്റെ മോതിരം എന്നിവയാണ് കവര്‍ന്നത്. സി.ഐ ഇ.പി. സുരേശന്റെ മേല്‍നോട്ടത്തില്‍ എസ്.ഐമാരായ കെ.വി. രഘുനാഥ്, എ.വി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ മറ്റൊരു വീട്ടിലും രണ്ടാഴ്ച മുമ്പ് കവര്‍ച്ച നടന്നിരുന്നു.

