ശ്രീകണ്ഠപുരം: ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന 64 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. ചെങ്ങളായി ചേരേമൂലയിലെ പാലങ്ങാട്ട് യൂസഫനെ (62) യാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ സി. രജിത്ത് അറസ്റ്റുചെയ്തത്. ഓടി രക്ഷപ്പെട്ട കൂട്ടാളി ചെങ്ങളായി കുണ്ടംകൈയിലെ മണ്ണഞ്ചാൽ പുതിയ പുരയിൽ വീട്ടിൽ ഫാറൂഖിനെതിരെ കേസെടുത്തു.
എക്സൈസ് പ്രിവൻറിവ് ഓഫിസർ വി.വി. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഫാറൂഖിെൻറ വീട്ടുപരിസരത്തെ റബർ തോട്ടത്തിൽ ഒളിച്ചുവച്ച മദ്യവും പിടിച്ചെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഫാറൂഖ് ഗൾഫിൽ ജയിലിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഈയടുത്ത കാലത്താണ് ഫാറൂഖ് നാട്ടിലെത്തിയത്. മലയോര മേഖലയിൽ തെരഞ്ഞെടുപ്പ് കാലത്ത് മദ്യമൊഴുക്കാനുള്ള പദ്ധതിയാണ് എക്സൈസ് സംഘം തകർത്തത്.
ഫാറൂഖിനായി അന്വേഷണം ഊർജിതമാക്കി. പ്രിവൻറിവ് ഓഫിസർമാരായ വി.വി. ഷാജി, കെ. സന്തോഷ് കുമാർ, പി.വി. പ്രകാശൻ, സി.ഇ.ഒമാരായ എം. ഗോവിന്ദൻ, എം.വി. പ്രദീപൻ, സി. പ്രദീപ് കുമാർ, എം. രമേശൻ, അഖിൽ ജോസ്, സുജേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.