ശ്രീകണ്ഠപുരത്ത് ഹാട്രിക്കിന് യു.ഡി.എഫ്; പിടിക്കാൻ ഇടതുപക്ഷം
text_fieldsശ്രീകണ്ഠപുരം: പഞ്ചായത്തായിരുന്നപ്പോൾ 35 വർഷക്കാലം ഇടതുപക്ഷം കുത്തകയാക്കി ഭരിച്ച ശ്രീകണ്ഠപുരം നഗരസഭയായപ്പോൾ ആദ്യം 2015ൽ വലതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂർ മണ്ഡലത്തിന്റെ കേന്ദ്രമെന്ന നിലയിലാണ് യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ശ്രീകണ്ഠപുരത്തെ നഗരസഭയാക്കി മാറ്റിയത്. അതിന്റെ ഗുണം അവർക്ക് കിട്ടുകയും ചെയ്തു. 2020ലും യു.ഡി.എഫിന് തുടർജയം നൽകി. അതും കൂടുതൽ സീറ്റുകൾ നൽകി. ഇതുവരെ 30 വാർഡുകളാണ് നഗരസഭയിലുണ്ടായിരുന്നത്. ഇതിൽ യു.ഡി.എഫ്-18 (കോൺഗ്രസ്-15, മുസ് ലിം ലീഗ് - 3) എൽ.ഡി.എഫ് -12( സി.പി.എം-12) എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കക്ഷിനില. നിലവിൽ വാർഡ് ഒന്ന് കൂടി 31 ആയിട്ടുണ്ട്. ഇത്തവണ ഹാട്രിക്കിലൂടെ തുടർഭരണം ലക്ഷ്യം വെച്ചാണ് യു.ഡി.എഫിന്റെ പ്രവർത്തനം. എന്നാൽ, പഴയ നഷ്ടപ്രതാപം വീണ്ടെടുക്കാൻ അട്ടിമറി ജയത്തിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.
ഇരുമുന്നണികളിലെയും അതൃപ്തരുടെ വോട്ടുകൾ ചോർത്തി ഒരുവാർഡെങ്കിലും സ്വന്തമാക്കാനാവുമോയെന്നാണ് ബി.ജെ.പി പ്രതീക്ഷ. ഇത്തവണ നേരത്തേതന്നെ കളിയടവുകൾ മുഴുവൻ പയറ്റിയാണ് മുന്നണികൾ കളത്തിലിറങ്ങിയത്. നഗരഭരണം സ്വന്തമാക്കുകയെന്നത് ആർക്കും അത്രയെളുപ്പമല്ലെന്ന് എല്ലാവർക്കുമറിയാം. രൂപവത്കരണം മുതൽ തങ്ങളുടെ സ്വന്തം നഗരസഭയായതിനാൽ തുടർഭരണ പ്രതീക്ഷയിൽ ഒട്ടും ആശങ്കയില്ലെന്ന് യു.ഡി.എഫ് പറയുന്നുണ്ട്. സർക്കാർ നേട്ടങ്ങളും മറ്റും അനുകൂല വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്റെ വാദം.
എങ്കിലും ഓരോ വാർഡുകളിലും ചിട്ടയായ പ്രവർത്തനമാണ് മുന്നണികൾ നടത്തുന്നത്. കോൺഗ്രസിലെ ഗ്രൂപ് കളിയും വിമത സ്ഥാനാർഥിയും ഇത്തവണയും വൈകിയാണ് തലപൊക്കിയത്. ഉറച്ച യു.ഡി.എഫ് വാർഡായ പന്ന്യാലിലാണ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ പ്രധാന വിമതനുള്ളത്. അമ്പഴത്തുംചാൽ വാർഡിലും കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതയുണ്ട്. ഇവിടങ്ങളിൽ അവസരം മുതലാക്കാൻ ഇടതുപക്ഷം തന്ത്രം പയറ്റുകയും ചെയ്യുന്നുണ്ട്. പന്ന്യാലിൽ സി.പി.എം സ്ഥാനാർഥിയെ നിർത്തിയെങ്കിലും അമ്പഴത്തുംചാലിൽ അവർ സ്ഥാനാർഥിയെ നിർത്താതെ കോൺഗ്രസ് വിമതക്ക് പിന്തുണ നൽകുകയാണ് ചെയ്തത്. കോൺഗ്രസിന്റെ ഉറച്ച വാർഡുകളിൽത്തന്നെ അവർ തമ്മിലടിക്കുന്നത് അണികളുടെ വലിയ അമർഷത്തിനും വഴിയൊരുക്കിയിട്ടുണ്ട്. പലയിടത്തും കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.
സി.പി.എം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം.സി.ഹരിദാസനെ പരാജയപ്പെടുത്തി 35 വർഷത്തെ സി.പി.എം വാർഡ് കഴിഞ്ഞ തവണ പിടിച്ചെടുത്ത് ഞെട്ടിച്ച യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനൻ ഇത്തവണയും ഇടതു കോട്ടയിലാണ് മത്സരം. സി.പി.എം കോട്ടയായ എള്ളരിഞ്ഞി വാർഡിലാണ് വിജിൽ മത്സരിക്കുന്നത്. സുരേഷ് ബാബുവാണ് എതിരാളി. ഇവിടെയാണ് തീ പാറും പോരാട്ടം നടക്കുന്നത്.
വാർഡ് പിടിച്ചാൽ വിജിലിനെ ചെയർമാനാക്കാനാണ് യു.ഡി.എഫ് ധാരണ. ഇടതും വലതും ഉറ്റുനോക്കുന്ന ഇവിടെ കളിയടവുകൾ ഏറെ പയറ്റേണ്ടി വരുമെന്നുറപ്പാണ്. മുൻ കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിനെ കോട്ടൂർ വാർഡിൽ രംഗത്തിറക്കിയാണ് നഗര ഭരണം പിടിക്കാൻ ഇടതു നീക്കം നടത്തുന്നത്. കോൺഗ്രിസിലെ ബാലകൃഷ്ണനാണ് രത്നകുമാറിനെ നേരിടുന്നത്. പ്രചാരണത്തിൽ മുന്നണികൾ എല്ലാ തന്ത്രവും പയറ്റിയിറങ്ങിയതോടെ ഭരണത്തിൽ തനിയാവർത്തനമാണോയെന്നും തടയിടുമോയെന്നും കാണാനിരിക്കുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

