ശ്രീകണ്ഠപുരത്ത് മഞ്ഞപ്പിത്തം; വിദ്യാർഥികളടക്കം നിരവധി പേർ ആശുപത്രിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ശ്രീകണ്ഠപുരം: മഞ്ഞപ്പിത്തം ബാധിച്ച് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ആശുപത്രിയിൽ. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 20 ലധികം വിദ്യാർഥികളും രക്ഷിതാക്കളുമടക്കമാണ് രോഗബാധയെ തുടർന്ന് ശ്രീകണ്ഠപുരം, തളിപ്പറമ്പ് ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞയാഴ്ച മുതലാണ് വിദ്യാർഥികൾക്ക് ക്ഷീണം അനുഭവപെട്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സ്കൂളിലെ വെള്ളത്തിൽ നിന്നല്ല മഞ്ഞപ്പിത്തം പടർന്നതെന്നും നഗരത്തിലെ കടകളിൽനിന്ന് വെള്ളം കുടിച്ചവർക്കാണ് രോഗമെന്നും നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ. മോഹനൻ നമ്പ്യാർ പറഞ്ഞു.
അടിയന്തര യോഗം ചേർന്നു
മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നഗരസഭയിൽ അടിയന്തര യോഗം ചേർന്നു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പിടിപെട്ടതെന്ന് വ്യക്തമായി. നഗരത്തിലെ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിലെ വെള്ളത്തിൽ നിന്നാണ് രോഗം പിടിപെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മോരും കുടിച്ചവർക്കടക്കം രോഗം പിടിപെട്ടിട്ടുണ്ട്. അതിനാൽ വിശദമായ പരിശോധന നടത്തുന്നുണ്ട്.
നഗരസഭാ കൗൺസിൽ ഹാളിൽ ആരോഗ്യ വിഭാഗം വിളിച്ചു ചേർത്ത യോഗത്തിൽ ടൗണിലെ ഹോട്ടൽ, ജ്യൂസ് കടകൾ, തട്ടുകടകൾ മറ്റു ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. നാരായണൻ, ജില്ല ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ, ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. പി. അഖിൽ രാജ്, ഫുഡ് സേഫ്റ്റി ഓഫിസർ യമുന കുര്യൻ എന്നിവർ ക്ലാസെടുത്തു. ജോസഫിന, എം.ബി. മുരളി, സനൽ കുമാർ, കെ.എസ്. ഗോപി, കെ.പി. മുഹമ്മദ് ഷംസീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

