മുക്കുപണ്ടം പണയ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ സുരേഷ്, സലാം
ശ്രീകണ്ഠപുരം: കൂട്ടുംമുഖം സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താനെത്തിയ രണ്ടുപേരെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പട്ടം ചൂളിയാട് ചാര്‍ത്തോട്ടത്തെ കവിണിശേരി മഠത്തില്‍ കെ.എം. സുരേഷ് (39), കൂട്ടുംമുഖം പൊടിക്കളത്തെ മുല്ലാലി പുതിയപുരയില്‍ സലാം (49) എന്നിവരെയാണ് എസ്.ഐ കെ.വി. രഘുനാഥന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 10.30ഓടെ സലാമാണ് ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയത്. പണയത്തിനായി കൊണ്ടുവന്ന മാല എത്ര പവന്റേതാണെന്ന് ചോദിച്ചപ്പോള്‍ സലാമിന് വ്യക്തമായ മറുപടി പറയാനായില്ല. സെക്രട്ടറി പി.പി.വി. പ്രദീപന്‍ മാല പരിശോധിച്ചപ്പോള്‍ കൂടുതല്‍ തിളക്കവും വലുപ്പത്തിനനുസരിച്ച് തൂക്കമില്ലാത്തതും ശ്രദ്ധയില്‍പ്പെട്ടു.
ഇതേത്തുടര്‍ന്ന് സലാമിനെ ചോദ്യംചെയ്തതോടെ ചൂളിയാട്ടെ സുരേഷാണ് മാല തനിക്ക് നല്‍കിയതെന്നും എത്ര പവനാണെന്ന് അയാള്‍ക്ക് മാത്രമേ അറിയൂവെന്നും പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി സുരേഷിനെ വിളിച്ചുവരുത്തി. അഞ്ച് പവന്‍ തൂക്കം വരുന്നതാണ് മാലയെന്ന് സുരേഷ് പറഞ്ഞു.
എന്നാല്‍, അപ്രൈസര്‍ തൂക്കിനോക്കിയപ്പോള്‍ 19.8 ഗ്രാം ആയിരുന്നു തൂക്കം. മാത്രമല്ല ഉരച്ചുനോക്കിയതോടെ മുക്കുപണ്ടമാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ താനല്ല മാല സലാമിന് നല്‍കിയതെന്നും വേണമെങ്കില്‍ പൊലീസിനെ വിളിച്ചോയെന്നും സുരേഷ് പറഞ്ഞു. ശേഷം സുരേഷും സലാമും തമ്മിൽ തർക്കവുമായി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുരേഷും സലാമും ചേര്‍ന്ന് പുതിയ ബിസിനസ് സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്രെ. അതിലേക്ക് ഓഹരി വിഹിതമായി സുരേഷ് നല്‍കിയതാണത്രെ മാല. കൊളപ്പ സ്വദേശിയായ ഒരാളില്‍നിന്ന് വാങ്ങിയതാണ് മാലയെന്നാണ് സുരേഷ് നല്‍കിയ മൊഴി. വ്യാജ സ്വര്‍ണമാലയില്‍ 916 എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ജ്വല്ലറിയുടെ പേരോ അടയാളമോ രേഖപ്പെടുത്തിയിരുന്നില്ല. അതിനാല്‍ തട്ടിപ്പ് നടത്തുന്നതിന് ബോധപൂര്‍വമുണ്ടാക്കിയതാണ് മാലയെന്ന് കരുതുന്നു.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ സലാം മംഗളൂരു, മൈസുരു എന്നിവിടങ്ങളിൽനിന്ന് പച്ചക്കറികള്‍ മൊത്ത വിലക്ക് കൊണ്ടുവന്ന് വില്‍ക്കുന്ന ബിസിനസും നടത്താറുണ്ട്. നേരത്തെ പ്രവാസിയായിരുന്ന സുരേഷ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയശേഷം ഡ്രൈവറായി ജോലിചെയ്യുകയാണ്.
ഇവർ മറ്റെവിടെയെങ്കിലും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എ.എസ്.ഐ എ. പ്രേമരാജന്‍, സീനിയര്‍ സി.പി.ഒമാരായ സുനില്‍കുമാര്‍, മുനീര്‍, സി.പി.ഒ അനൂപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സെപ്റ്റംബര്‍ ആറുവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

