ശ്രീകണ്ഠപുരം: ഇടതിെൻറ ഉരുക്കുകോട്ടയിൽ ദമ്പതിമാരുടെ മത്സരം കോൺഗ്രസിനുവേണ്ടി. ഭർത്താവ് അഞ്ചാം തവണ അങ്കത്തിനിറങ്ങിയപ്പോൾ ഭാര്യയുടെ മത്സരം നാലാം തവണ.
മലപ്പട്ടം പഞ്ചായത്ത് 10ാം വാർഡായ പൂക്കണ്ടത്ത് മത്സരിക്കുന്നത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറും നിലവിലെ കൊളച്ചേരി ബ്ലോക്ക് വൈസ് പ്രസിഡൻറുമായ മലപ്പട്ടത്തെ പി.പി. പ്രഭാകരനാണ്. ഇദ്ദേഹത്തിെൻറ ഭാര്യ സി. സജിന ഒന്നാം വാർഡായ കൊളന്തയിൽനിന്നാണ് ജനവിധി തേടുന്നത്.
2000ത്തിൽ ബ്ലോക്കിലേക്കും പിന്നീട് പഞ്ചായത്തിലേക്കും ഉൾപ്പെടെ അഞ്ചാം തവണയാണ് പ്രഭാകരൻ അങ്കത്തിനിറങ്ങുന്നത്. യു.ഡി.എഫ് പത്രിക പോലും നൽകാത്തതിനാൽ ഇടതിെൻറ എതിരില്ലാ കോട്ടയായിരുന്നു മലപ്പട്ടം. ഇത്തവണയും അഞ്ചിടത്ത് ഇടതുപക്ഷം എതിരില്ലാജയം നേടിക്കഴിഞ്ഞു. എങ്കിലും പ്രഭാകരനും സജിനയും ഉൾപ്പെടെയുള്ളവർ യു.ഡി.എഫിനുവേണ്ടി ഇത്തവണയും മത്സരത്തിനിറങ്ങുകയായിരുന്നു.
മുൻകാലങ്ങളിലെല്ലാം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പലതവണ ആക്രമണത്തിനിരയായ കാര്യവും ഈ ദമ്പതിമാർ ഓർക്കുന്നു. വിജയം ലഭിക്കുമെന്ന പ്രതീക്ഷ ഇരുവരും പങ്കുവെച്ചു. വിദ്യാർഥികളായ അഖിൽ, അജൽ എന്നിവരാണ് മക്കൾ.