അലക്സ്നഗർ പാലം നിർമാണം അന്തിമ ഘട്ടത്തിൽ
text_fieldsഅന്തിമഘട്ട പ്രവൃത്തി നടക്കുന്ന അലക്സ് നഗർ പാലം
ശ്രീകണ്ഠപുരം: അലക്സ് നഗർ പാലത്തിന്റെ നിർമാണ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. പാലം ഉടൻ പൊതുജനങ്ങൾക്കായി സമർപ്പിക്കുവാൻ സാധിക്കുമെന്ന് പാലത്തിന്റെ നിർമാണ പ്രവൃത്തി വിലയിരുത്തിയതിന്ശേഷം സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു. പാലം നിർമാണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഉടൻ തുറന്നുകൊടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലത്തിന്റെ കൈവരി, ടാറിങ്, മറ്റ് ചുരുക്കം ചില പ്രവൃത്തികളുമാണ് ഇനി ബാക്കിയുള്ളത്. നബാർഡ് ഫണ്ടിൽ നിന്നും 10.1 കോടി ചെലവിട്ടാണ് 126 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പാലം നിർമിക്കുന്നത്. പാലം പുരോഗതി വിലയിരുത്താൻ എം.എൽ.എക്കൊപ്പം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി ഫിലോമിന, കൗൺസിലർ ത്രേസ്യാമ്മ മാത്യു, ജ്യോതി, നിതീഷ് ശേഖർ, ഓവർസിയർ രേഷ്മ, സ്കറിയ നെല്ലൻകുഴി എന്നിവരുമുണ്ടായിരുന്നു. നിലവിൽ സമീപത്തുള്ള തൂക്കുപാലമാണ് ഇവിടെത്തെ ജനങ്ങളുടെ ഏക യാത്രാമാർഗം. മിക്ക വർഷങ്ങളിലും അറ്റകുറ്റപണി നടത്തിയാണ് തൂക്കുപാലം സഞ്ചാരയോഗ്യമാക്കുന്നത്.

