മലപ്പട്ടത്ത് യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമം: മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsഗിരീഷ് കുമാർ
ശ്രീകണ്ഠപുരം: യുവതിയെ മുന്‍ ഭര്‍ത്താവ് രാത്രിയില്‍ വീട്ടില്‍ കയറി വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മകള്‍ക്കും വെട്ടേറ്റു. വധശ്രമക്കേസില്‍ മുന്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പട്ടം അടുവാപ്പുറത്തെ കുന്നുംപുറത്ത് ഹൗസില്‍ ടി.പി. പ്രസന്ന (42), മകള്‍ ഗ്രീഷ്മ (15) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രസന്നയുടെ മുന്‍ ഭര്‍ത്താവ് കൊല്ലം സ്വദേശി ഗിരീഷ്കുമാറിനെയാണ് (55) മയ്യില്‍ പൊലീസ് ഇൻസ്പെക്ടർ പി.സി. സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു അക്രമം.
ചെങ്കല്‍ തൊഴിലാളിയാണ് ഗിരീഷ്കുമാര്‍. ഇവരുടെ വിവാഹബന്ധം നേരത്തെ വേര്‍പെടുത്തിയിരുന്നു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് പ്രസന്ന നല്കിയ പരാതിയില്‍ ഗിരീഷ് കുമാറിനെതിരെ കേസ് നിലവിലുണ്ട്. ഇയാള്‍ വീട്ടില്‍ പ്രവേശിക്കുന്നതിനെ കോടതി വിലക്കിയതുമാണ്. എന്നാല്‍, രാത്രിയില്‍ വാളും മുളക് വെള്ളം നിറച്ച കുപ്പിയുമായി വീട്ടിലെത്തി അമ്മയെയും മകളെയും തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നുവത്രെ.
പ്രസന്നക്ക് വലതുകണ്ണിനും മൂക്കിനും കൈവിരലുകള്‍ക്കുമാണ് വെട്ടേറ്റത്. തടയാന്‍ ശ്രമിച്ച ഗ്രീഷ്മക്കും വെട്ടേറ്റ പരിക്കുകളുണ്ട്. ഇരുവരെയും നാട്ടുകാര്‍ ആദ്യം കമ്പില്‍ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാശുപത്രിയിലേക്കും മാറ്റുകയായിരുന്നു. നിലവിലെ കേസ് പിന്‍വലിക്കാത്ത വിരോധത്തിനാണത്രെ അക്രമം നടത്തിയത്.

