ഹൃദയം പകർന്നു നൽകി അർജുന്റെ അന്ത്യയാത്ര...
text_fieldsമസ്തിഷ്‌ക മരണം സംഭവിച്ച വളക്കൈയിലെ അർജുന്റെ ഹൃദയം കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുപോകാൻ കണ്ണൂർ ഡി.എസ്.സി ഹെലിപാഡിൽ നിന്ന് എയർ ആംബുലൻസിലേക്ക് മാറ്റുന്നു
ശ്രീകണ്ഠപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരൻ നാലുപേർക്ക് പുതുജീവനേകി യാത്രയായി. വളക്കൈ സ്വദേശിയായ അർജുനാണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനംചെയ്ത് നാലു പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നൽകിയത്. ഗുരുതര പരിക്കുകളോടെയാണ് അർജുനെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കുന്നതിനായി ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും മേയ് 31ന് വൈകീട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത ധീരമായ തീരുമാനമാണ് അവയവങ്ങൾ കാത്തുകഴിയുന്ന രോഗികൾക്ക് തുണയായത്. സംസ്ഥാന സർക്കാറിന്റെ അവയവദാന ഏജൻസിയായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകൾ ഏകോപിപ്പിച്ചത്. ആസ്റ്റർ സർജന്മാരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വിജയകരമായി അവയവങ്ങൾ ദാനത്തിനായി എടുത്തത്. ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നും മറ്റ് ആശുപത്രിയിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
അർജുന്റെ ഹൃദയം എയർ ആംബുലൻസ് മുഖേന തിങ്കളാഴ്ച രാവിലെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള 48കാരനായ മലപ്പുറം സ്വദേശിക്കായി എത്തിക്കുകയായിരുന്നു. വൃക്കകളിൽ ഒന്ന് കണ്ണൂർ ആസ്റ്റർ മിംസിലെ രോഗിക്കാണ് നൽകുക. രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കും കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. അടിയന്തര സാഹചര്യത്തിൽ അവയവങ്ങൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ-ഓൾ കേരള ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ. കെ.എം. സൂരജ് പറഞ്ഞു. ഇതിനായി പ്രവർത്തിച്ച പൊലീസിനോടും സർക്കാറിനോടും കെ-സോട്ടോയോടുമുള്ള നന്ദി അറിയിക്കുന്നുവെന്ന് ആസ്റ്റർ മിംസ് സി.ഒ.ഒ. ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു.
കണ്ണീരോടെ വിട നൽകി നാട്
തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ വളക്കൈയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. എം.എൽ.എമാരായ സജീവ് ജോസഫ്, ടി.കെ. ഗോവിന്ദൻ, ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ്, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ഗോവിന്ദൻ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് ബി.പി. വിപിന, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഇ.വി. രാമകൃഷണൻ, സി.പി.എം. ഏരിയ സെക്രട്ടറി എം.സി. രാഘവൻ, മുസ്ലിം ലീഗ് നേതാവ് ടി.എൻ.എ. ഖാദർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. വൈകീട്ട് അഞ്ചിന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

