ബോട്ടുകളുടെ അറ്റകുറ്റപ്പണി; അഴീക്കലില്‍ സ്പീഡ് വേ ഒരുങ്ങുന്നു
text_fieldsഅഴീക്കോട്: അറ്റകുറ്റപ്പണിക്കും നവീകരണത്തിനും മറ്റുമായി ബോട്ടുകള്‍ കരയിലെത്തിക്കാൻ പൊതുമേഖലാ സ്ഥാപനമായ അഴീക്കൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ (സിൽക്ക്) യന്ത്രവത്കൃത സ്ലിപ്പ് വേ ഒരുങ്ങുന്നു.
അതിന്റെ മുന്നോടിയായി യന്ത്രവത്കൃത സ്പീഡ് വേയുടെ നിർമാണം ഒരുങ്ങി. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കും തകർച്ചയിലാവുന്ന ബോട്ടുകൾ എളുപ്പത്തിൽ യാർഡിൽ എത്തിക്കുന്നതിനുമായാണ് അഴീക്കലില്‍ ഈ സൗകര്യമൊരുക്കുന്നത്. പൊതുമേഖല സ്ഥാപനമായ സിൽക്കിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള യന്തവത്കൃത സ്ലിപ് വേ ഒരുങ്ങുന്നത്. ഇതിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായി. തിരുവനന്തപുരത്തുള്ള സ്വകാര്യ കമ്പനിയാണ് നിർമാണ പ്രവൃത്തി നടത്തുന്നത്. മൂന്നു കോടി രൂപയാണ് പദ്ധതി ചെലവ്. കോൺക്രീറ്റ് ബീമില്‍ നിര്‍മിച്ച സ്പീഡ് വേയില്‍ പരീക്ഷണാര്‍ഥം ബോട്ട് കയറ്റാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
2018 ഡിസംബറിൽ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പിന്നീട് കോവിഡ് പ്രതിസന്ധികാരണമാണ് പ്രവൃത്തികള്‍ നീണ്ടത്. ഈ മാസം ഒടുവിൽ പരീക്ഷണ ബോട്ട് കയറ്റം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
രണ്ടു മാസംകൊണ്ട് സ്ലിപ്പ് വേ ഉദ്ഘാടനംചെയ്ത് തുറന്നു കൊടുക്കാനാവുമെന്ന് സിൽക്ക് മാനേജിങ് ഡയറക്ടർ പറഞ്ഞു. അഴീക്കലിൽ സിൽക്ക് നിർമിക്കുന്ന രണ്ടാമത്തെ സ്ലീപ്പ് വേയാണിത്. 25 വർഷം മുമ്പാണ് ഫിഷറീസ് വകുപ്പിന് വേണ്ടി അഴീക്കലില്‍ ബോട്ട് റിപ്പയർ യാർഡില്‍ സ്പീഡ് വെയാര്‍ഡ് നിർമിച്ചത്. എന്നാൽ, അശാസ്ത്രീയത കാരണം ബോട്ടുകള്‍ കയറ്റാനായില്ല.
എന്നാല്‍, ആധുനിക സ്ലിപ്പ് വേ വരുന്നതോടെ സിൽക്കിൽ നിർമിക്കുന്ന സ്റ്റീൽ യാത്രാബോട്ടുകൾ ഉള്‍പ്പെടെ നീറ്റിലിറക്കാൻ കഴിയും. മീൻപിടിത്ത ബോട്ടുകൾ അടക്കം ഏതുതരം ബോട്ടുകളും ഇതോടെ അറ്റകുറ്റപ്പണിക്ക് കരയിൽ കയറ്റാനും ഇറക്കാനും ഇത് പ്രയോജനപ്പെടും.
മലബാറിലെ തന്നെ പ്രധാന മത്സ്യബന്ധന തുറമുഖവും ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെയുള്ള നൂറുകണക്കിനു ബോട്ടുകൾ സർവിസ് നടത്തുന്ന അഴീക്കലിൽ ഇത്തരത്തിലുള്ള സ്ലിപ് വേ ഒരുങ്ങുന്നത് ഈ മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസമാകും.
ബോട്ടുകൾ അപകടത്തിൽപ്പെട്ടും മണൽത്തിട്ടയിൽ ഇടിച്ചും തകർച്ച ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ ക്രെയിനിൽ കെട്ടി നിർത്തി ഖലാസികള്‍ ഏറെ സാഹസപ്പെട്ടായിരുന്നു കരയിലേക്കും പുഴയിലേക്കും അറ്റകുറ്റപ്പണിക്കായി സ്വകാര്യ യാർഡുകളിൽ എത്തിച്ചിരുന്നത്.
അഴീക്കലിലെ മത്സ്യബന്ധന മേഖലക്ക് വളരെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സ്പീഡ് വേ സൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

