എസ്.ഐ.ആർ; കണ്ണൂർ ജില്ലയിലും നടപടി തുടങ്ങി
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടത്തുന്ന വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധനക്കുള്ള (എസ്.ഐ.ആർ) നടപടികൾ കണ്ണൂർ ജില്ലയിലും തുടങ്ങി. എസ്.ഐ.ആർ തയാറെടുപ്പിന്റെ ഭാഗമായി 2002ൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയുടെയും നിലവിലെ വോട്ടർപട്ടികയുടേയും പരിശോധനക്കുള്ള നടപടികളാണ് ആരംഭിച്ചത്. ഇരു വോട്ടർപട്ടികയും താരതമ്യം ചെയ്ത് പരിശോധന നടത്തുന്നതിന് ബൂത്ത് ലെവൽ ഓഫിസർമാരെ ചുമതലപ്പെടുത്തി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ല കലക്ടർ ഉത്തരവിട്ടു. വെള്ളി, ശനി ദിവസങ്ങളിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് നിർദേശം. ബൂത്ത് ലെവൽ ഓഫിസർമാരായ ജോലി ചെയ്യുന്നവരുടെ സേവനം നിശ്ചിത ദിവസങ്ങളിൽ വിട്ടുനൽകാൻ വകുപ്പ് മേധാവികളോട് കലക്ടർ നേരത്തേ നിർദേശിച്ചിരുന്നു.
2002ലെ വോട്ടർപട്ടികയിലും നിലവിലെ പട്ടികയിലും ഉൾപ്പെട്ടവരുടെ കണക്ക് സംബന്ധിച്ച് കണക്ക് ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് കലക്ടർക്ക് സമർപ്പിക്കാനാണ് നിർദേശം. ജില്ലയിലെ മുഴുവൻ താലൂക്കുകൾ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. ഇതിനായി ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 40വയസ്സുള്ള ആളുകളാണ് 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടാവുക. ആ നിലക്ക് 2002ലെ പട്ടികയിലുള്ള ഭൂരിപക്ഷം പേരും നിലവിലെ പട്ടികയിലുണ്ടാവും. ഇരുപട്ടികയുടെയും താരതമ്യ കണക്കുകൾ ലഭിച്ചശേഷം രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും. ശേഷമാണ് ബി.എൽ.ഒമാർ വീടുകൾ കയറിയിറങ്ങി പരിശോധന നടത്തുക.
ബീഹാറിൽ നടപ്പാക്കിയ എസ്.ഐ.ആർ ഉത്തരവിന്റെ ചുവടുപിടിച്ചാണ് രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്. അനർഹരെ ഒഴിവാക്കിയുള്ള വോട്ടർപട്ടികയാണ് എസ്.ഐ.ആർ കൊണ്ട് ഉദ്ദേശിക്കുന്നത്. ബീഹാറിൽ അർഹരായ ലക്ഷക്കണക്കിന് വോട്ടർപട്ടികയിൽനിന്ന് പുറത്തായതാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

