മേക്കുന്നിലെയും ആണ്ടിപ്പീടികയിലെയും പട്ടയപ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു
text_fieldsമേക്കുന്നിൽ നടന്ന സാറ്റലൈറ്റ് സർവേ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
ചൊക്ലി: മേക്കുന്നിലെയും ആണ്ടിപ്പീടികയിലെയും പട്ടയം ലഭിക്കാത്ത കുടുംബങ്ങൾക്ക് അനുവാദപത്രിക നൽകാൻ ചൊക്ലി ഗ്രാമപഞ്ചായത്ത് സാറ്റലൈറ്റ് സർവേ പൂർത്തിയാക്കി. മേക്കുന്നിൽ 33 കുടുംബമാണുള്ളത്. ഇതിൽ 10 വീട്ടുകാർ കൈവശവകാശരേഖ ലഭിക്കാത്തതുകൊണ്ട് പുതിയ വീടുകൾ നിർമിക്കാൻ കഴിയാത്തതിനാൽ തകർന്നുവീഴാറായ വീട്ടിൽനിന്നും വാടക വീട്ടിലേക്ക് മാറിയിട്ടുണ്ട്.
ആണ്ടിപ്പീടിക കുന്നുമ്മൽ കണ്ടിയിൽ 12 വീട്ടുകാർക്കാണ് പട്ടയം ലഭിക്കാനുള്ളത്. മേക്കുന്നിൽ നിലവിൽ താമസമുള്ള മൂന്ന് വീടുകൾ ഒരു ചുമർ അതിർത്തിയായ ഇരട്ടവീടുകളാണ്. ഇതിൽ ഒരു ഇരട്ടവീട് പൂർണമായും തകർന്നതിനാൽ മൂന്ന് ചെറിയ കുട്ടികളെ അനാഥാലയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സാറ്റലൈറ്റ് സർവേ പൂർത്തിയാകുന്നമുറക്ക് നിലവിൽ താമസിക്കുന്നവർക്ക് അനുവാദപത്രം നൽകുമെന്നും അർഹതയില്ലാത്ത സ്വകാര്യ വ്യക്തികൾ കൈവശം വെക്കുന്ന പാവപ്പെട്ടവരുടെ ഭൂമി തിരിച്ചുപിടിക്കുമെന്നും പട്ടയം ലഭിച്ചതിനു ശേഷം പുതിയ വീടുകൾ നിർമിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് സർക്കാറിന് സമർപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ ടീച്ചർ അറിയിച്ചു. കർഷക തൊഴിലാളി മേനപ്രം വില്ലേജ് കമ്മിറ്റിയാണ് പട്ടയം ലഭിക്കാനുള്ളവരുടെ അപേക്ഷകൾ ജനകീയ കൺവെൻഷനിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയത്.
സാറ്റലൈറ്റ് സർവേ മേക്കുന്നിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി. ജയേഷ്, ലൈസൻസ്ഡ് സർവേയർ കെ.പി. സജിത, എം. ഷിജു, ബബിലേഷ്, ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക് പി. ശ്രീനാഥൻ, എം. സജില, പി.വി. നവാസ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

