പയ്യാവൂരിൽ കർണാടക അതിർത്തിയിൽ സൗരോർജ തൂക്കുവേലിയായി
text_fieldsപയ്യാവൂരിൽ കർണാടക അതിർത്തിയിലൊരുക്കിയ സൗരോർജ തൂക്കുവേലി
ശ്രീകണ്ഠപുരം: മലയോര ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഒരുക്കിയ തൂക്കുവേലി (തൂങ്ങി നില്ക്കുന്ന സൗരോർജ വേലികള്‍) ശനിയാഴ്ച നാടിന് സമർപ്പിക്കും. ഉച്ചക്ക് 2.30ന് ആടാംപാറയിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. സജീവ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പങ്കെടുക്കും.
ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കാഞ്ഞിരക്കൊല്ലി ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 11 കിലോമീറ്റർ ഭാഗത്താണ് 80 ലക്ഷം രൂപ ചെലവിൽ സൗരോർജ തൂക്കുവേലികൾ ഒരുക്കിയത്. ജില്ല പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂർ ഗ്രാമപഞ്ചായത്ത് 35 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷവും ഇതിനായി ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ തൂക്കുവേലിയാണിത്. മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന നാച്വർ ഫെൻസിങ് കമ്പനിയാണ് വേലികൾ നിർമിച്ചത്. 14 കിലോമീറ്ററാണ് പയ്യാവൂർ പഞ്ചായത്തിന്റെ വനാർത്തി. ഇതിൽ 11 കിലോമീറ്റർ ഭാഗത്താണ് തൂക്കുവേലി ഒരുക്കിയത്. മൂന്നു കിലോമീറ്റർ ഭാഗത്ത് നേരത്തെ വനം വകുപ്പ് പണിത ആനവേലിയുണ്ട്.
ഒന്നര മാസം മുമ്പ് തൂക്കുവേലി പൂർത്തിയാക്കി ചാർജ് ചെയ്തിരുന്നു. തുടർന്ന് വനാർതിർത്തിയോട് ചേർന്നുനിൽക്കുന്ന എല്ല കാട്ടാനകളെയും വനം വകുപ്പിന്റെ സഹായത്തോടെ ഉൾക്കാട്ടിലേക്ക് ഓടിച്ചതിന് ശേഷമാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തൂക്കുവേലിയുടെ നിർമാണം പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ ചില സാമൂഹികവിരുദ്ധർ നശിപ്പിക്കാൻ ശ്രമിച്ചതായും അധികൃതർ പറഞ്ഞു. പരീക്ഷണാർഥം വേലി ചാർജ് ചെയ്തതിന്റെ പിറ്റേന്ന് ചില സ്ഥലങ്ങളിലെ കമ്പികൾ മുറിച്ചുമാറ്റി. വാളുകൊണ്ട് മരം മുറിച്ചും വേലി തകർത്ത സംഭവവുമുണ്ടായി. അതുപോലെ തന്നെ രണ്ടുസ്ഥലങ്ങളിൽ വേലിയുടെ കമ്പികൾ കൂട്ടിക്കെട്ടി ചാർജ് നശിപ്പിക്കുന്ന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. നിലവിൽ വേലി സംരക്ഷിക്കാൻ രണ്ടു ജീവനക്കാരെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ ഇവരുടെ സേവനം തുടങ്ങി. വേലി സംരക്ഷിക്കുന്നതിന് വനാതിർത്തികളിൽ ജനകീയ കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. സാധ്യമാവുന്നിടത്തെല്ലാം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, നിർമാണ കമ്മിറ്റി രക്ഷാധികാരി ഫാ. ജോസഫ് ചാത്തനാട്ട്, കൺവീനർ ടി.എം. ജോഷി, വാർഡ് അംഗം ഷീന ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

