മേലൂർ കാഴ്ചകളൊരുക്കി 'സിന്ദൂരം'
text_fieldsമേലൂർ സിന്ദൂരത്തിലെ സെൽവൻ മേലൂരിെൻറ ആർട്ട് ഗാലറി
പുതുതായി നിർമിച്ച വീട് വ്യത്യസ്തമായിരിക്കണമെന്ന ആശയത്തിലാണ്
ഇവിടെ ആർട്ട് ഗാലറി രൂപപ്പെട്ടത്
തലശ്ശേരി: സ്വന്തം ദേശത്തിെൻറ കാഴ്ചകൾ വർണങ്ങളിൽ ചാലിച്ച് വീടകം ആർട്ട് ഗാലറിയാക്കി ചിത്രകാരൻ സെൽവൻ മേലൂർ. 'സിന്ദൂരം' എന്ന് പേരിട്ടിരിക്കുന്ന സെൽവെൻറ വീടിെൻറ മുകളിലും താഴെയുമുളള ചുമരുകൾ പ്രകൃതി ഭംഗിയുളള ചിത്രങ്ങളാൽ സമ്പന്നമാണ്. മേലൂർ എന്ന കൊച്ചുഗ്രാമത്തെ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് നാട്ടുകാരനായ സെൽവൻ. പ്രകൃതിയും പോരാട്ടവും ഓർമകളും നിറഞ്ഞതാണ് സെൽവെൻറ പെയിൻറിങ്ങുകൾ. പുതുതായി നിർമിച്ച വീട് വ്യത്യസ്തമായിരിക്കണമെന്ന ആശയത്തിലാണ് ഇവിടെ ആർട്ട് ഗാലറി രൂപപ്പെടുന്നത്. സിന്ദൂരത്തിലെ വാതിൽ തുറക്കുന്നത് തന്നെ മേലൂരിെൻറ സമ്പന്നമായ കാഴ്ചകളിലേക്കാണ്. ക്രിസ്മസിന് ഗൃഹപ്രവേശം നടന്ന വീടിെൻറ മുകൾനിലയാണ് ചിത്രശാലയായി സജ്ജീകരിച്ചത്.
മേലൂർ ഗ്രാമത്തിലെ മാഞ്ഞുപോയ കാഴ്ചകളാണ് പെയിൻറിങ്ങുകളിൽ ഏറെയും. പ്രകൃതിയും മനുഷ്യനും ഗൃഹാതുരമായ പോയകാലത്തിെൻറ നൊമ്പരവുമെല്ലാം ചിത്രങ്ങളിലുണ്ട്. മമ്മാക്കുന്ന് പാലം വരും മുമ്പുള്ള കടത്തുതോണിയും പൂഴിവാരുന്ന തൊഴിലാളിയും നെൽകറ്റകളും തലയിലേറ്റി പോവുന്ന സ്ത്രീകളും...അങ്ങനെ നീളുന്നു മേലൂർ കാഴ്ചകൾ.
ധർമടം തുരുത്തിെൻറ പശ്ചാത്തലത്തിൽ മീൻപിടിക്കുന്ന തൊഴിലാളികളുടെ പെയിൻറിങ് ആരെയും ആകർഷിക്കുന്നതാണ്. മേലൂരിലെ ഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, കമ്യൂണിസ്റ്റ് പാർട്ടി പിണറായി പാറപ്രം സമ്മേളനത്തിൽ പി. കൃഷ്ണപിള്ള സംസാരിക്കുന്നതും തലശ്ശേരി ജവഹർഘട്ട് വെടിവെപ്പുമടക്കമുള്ള ചരിത്രമുഹൂർത്തങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. മേലൂർ വായനശാലക്ക് മുമ്പിലെ ആർട്ട്ഗ്യാലറിയിൽ എ. സത്യനാഥ്, രാഗേഷ് പുന്നോൽ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. വിഖ്യാത ജലച്ചായ ചിത്രകാരൻ അന്തരിച്ച പി.എസ്. കരുണാകരെൻറ ശിഷ്യനാണ് സെൽവൻ മേലൂർ. തലശ്ശേരി മഞ്ഞോടി കണ്ണിച്ചിറയിലെ കേരള സ്കൂൾ ഓഫ് ആർട്സ് ഭരണസമിതി സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

