‘സിൽക്കി‘ൽ പൊളിക്കാനെത്തിച്ച കപ്പൽ കരക്കടുപ്പിക്കാനായില്ല
text_fieldsഅഴിക്കോട്: പൊതുമേഖല സ്ഥാപനമായ അഴീക്കൽ സിൽക്ക് (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്) എന്ന കപ്പൽ പൊളിക്കുന്ന സ്ഥാപനത്തിലേക്ക് കഴിഞ്ഞ ദിവസം പൊളിക്കാനായി എത്തിയ, ഇന്ത്യൻ നേവിയുടെ അഭിമാനമായ അന്തർവാഹിനി യുദ്ധക്കപ്പൽ ഐ.എൻ.എസ് സിന്ധു ദേവജ് രണ്ടു ബോട്ടുകളുടെ സഹായത്താൽ കരയിൽ എത്തിക്കാനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. കടലിൽ ആഴക്കുറവ് അനുഭവപ്പെട്ടതിനാലാണ് കരയിൽ എത്തിക്കാൻ സാധിക്കാതെ പോയത്. മുങ്ങിക്കപ്പൽ കരയിൽ അടുപ്പിക്കണമെങ്കിൽ കുറഞ്ഞത് അഞ്ചര മീറ്റർ ആഴം വേണം. കരയിൽ എത്തിക്കാൻ നിർദേശിച്ച വഴി തെറ്റിയതും മറ്റൊരു കാരണമായി. ഇക്കാരണത്താൽ മുങ്ങിക്കപ്പൽ വീണ്ടും ആഴക്കടലിലേക്ക് മാറ്റി നങ്കൂരമിട്ടിരിക്കയാണ്.
മുന്നൊരുക്കമില്ലാത്തത് വിനയായി
മുങ്ങിക്കപ്പൽ അഴീക്കോട് തുറമുഖത്തെത്തിക്കുന്നതിനു മുമ്പേ ആവശ്യമായ പഠനവും മുന്നൊരുക്കവും നടത്താത്തതും മറ്റൊരു കാരണമായി. തുറമുഖം അഴംകൂട്ടൽ നടപടി വിവിധ കാരണങ്ങളാൽ വർഷങ്ങളായി നിലച്ചിരിക്കുകയാണ്. കോടതിയുടെ ഇടപെടൽ കാരണം മണലെടുപ്പ് നിലച്ചിട്ടും വർഷങ്ങളായി. ഇക്കാരണത്താലാണ് അഴീക്കോട് തുറമുഖത്ത് ചരക്ക് കപ്പലും എത്താതിരിക്കാൻ കാരണം. മണൽ നീക്കുന്നതിനോ ആഴം കൂട്ടുന്നതിനോ സർക്കാർ തലത്തിൽ യാതൊരു നടപടിയും ഇല്ലാത്തതിലും പരക്കെ ആക്ഷേപമുണ്ട്.
പോർട്ട് അധികൃതരുടെ അംഗീകാരം വേണം
ഇനി വീണ്ടും മുങ്ങിക്കപ്പൽ കരക്കടുപ്പിക്കാൻ പോർട്ട് അധികൃതരുടെ സമ്മത പത്രം ആവശ്യമാണ്. അതിന് അപേക്ഷ നൽകിയതായാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ, മതിയായ ആഴം ലഭിക്കുന്നില്ലെന്ന കാരണത്താൽ അനുമതി കിട്ടാൻ സാധ്യതയില്ലെന്നും അറിയുന്നു. അങ്ങനെ വന്നാൽ പൊളിക്കാനായി സിൽക്കിലേക്ക് എത്തിച്ച കപ്പൽ തിരിച്ചയക്കാനുള്ള തയാറെടുപ്പിലാണ് സിൽക്ക് അധികൃതർ. ഇത് അഴീക്കോട് സിൽക്ക് അധികൃതർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ആഴം കൂട്ടലും നിലച്ചു
20 കോടി രൂപ മുടക്കി 2015 നവംമ്പറിൽ വാങ്ങിയ കട്ടർ സെക്ഷൻ ഡ്രജർ ചന്ദ്രഗിരി ഉപയോഗപ്പെടുത്തിയത് 600 മണിക്കൂർ മാത്രം. മാസങ്ങൾക്കൊടുവിൽ ബ്ലേഡ് തകരാറായതോടെ ആഴം കൂട്ടൽ പ്രവർത്തനവും വർഷങ്ങളായി നിലച്ചു.കോടികൾ മുടക്കി തുറമുഖത്തെത്തിച്ച ലിബർ ക്രെയിൻ, സ്റ്റാക്കർ തുടങ്ങിയ ഉപകരണങ്ങളും വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

