ഷിജു സൗമ്യൻ; നടത്തിയത് കൊടുംക്രൂരത
text_fieldsഷിജു, അൻവിത
കണ്ണൂർ: അധികമാരോടും സൗഹൃദമൊന്നുമില്ലാത്ത സൗമ്യശീലനായ യുവാവിെൻറ ചിത്രമാണ് നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഷിജുവിനെക്കുറിച്ച് പങ്കുവെക്കാനുള്ളത്. നാട്ടിൽ കേട്ടുകേൾവിപോലുമില്ലാത്ത ക്രൂരത പ്രതി ആസൂത്രണം ചെയ്ത് നടപ്പാക്കിയതിെൻറ ഞെട്ടലിൽനിന്ന് പാത്തിപ്പാലം ഗ്രാമം ഇനിയും മുക്തരായിട്ടില്ല. ഭാര്യ സോനക്കും മകൾ അൻവിതക്കുമൊപ്പം ഒഴുക്കുകാണാനെന്ന് പറഞ്ഞ് പാത്തിപ്പാലം പുഴക്കരയിലെത്തിയ ഷിജു മുണ്ട് മാറിയുടുക്കാനെന്ന വ്യാജേന സമർഥമായാണ് കുട്ടിയെ ഭാര്യയുടെ കൈയിലേക്ക് കൈമാറിയത്. നേരത്തെ തീരുമാനിച്ചതു പ്രകാരം ഇരുവരെയും പിന്നിൽനിന്നും പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. മകൾ മരണക്കയത്തിലേക്ക് പോയിട്ടും അൽപംപോലും മനസ്സ് പതറാതെയാണ് രക്ഷപ്പെടാനായി പുഴവക്കിൽപിടിച്ചുനിന്ന സോനയെ ഇയാൾ ചെരിപ്പുകൊണ്ടടിച്ച് വീണ്ടും വെള്ളത്തിലേക്ക് തള്ളിയിട്ടത്. കൃത്യത്തിന് തലേദിവസവും ഷിജു പുഴക്കരയിൽ എത്തിയതായി പ്രദേശവാസികൾ പറയുന്നു.
സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ പ്രതികാരമാണ് ക്രൂരതക്ക് പിന്നിലെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. കൃത്യത്തിന് രണ്ടുദിവസം മുമ്പ് സൗമ്യയുടെ രണ്ടുവളകൾ കാണാതായിരുന്നു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ താനാണ് വളകൾ എടുത്തതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. ഇവരുടേത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബമല്ലെന്ന് നാട്ടുകാർ പറയുന്നു. കുപ്യാട്ട് മഠപ്പുരക്ക് സമീപം പുതിയ ഇരുനില വീടിെൻറ പണി നടക്കുകയാണ്. സൗമ്യയുടെ പിതാവ് മരിച്ചതോടെ അമ്മക്കൊപ്പം പാത്തിപ്പാലത്തെ വാടക വീട്ടിലാണ് ഇപ്പോൾ ഷിജുവും കുടുംബവും താമസിക്കുന്നത്. സൗമ്യയുടെ പൊന്ന്യത്തെ വീട് ഷിജു വാടകക്ക് കൊടുത്തിരുന്നു. ഇവിടെയാണ് കുഞ്ഞിനെ സംസ്കരിച്ചത്. മകളെ അടക്കം ചെയ്ത മണ്ണിൽ പോലും താമസിക്കാനാവാത്ത സ്ഥിതിയിൽ തന്നെയാക്കിമാറ്റിയെന്ന് പറഞ്ഞുള്ള സൗമ്യയുടെ നിലവിളി കേട്ടുനിന്നവർക്ക് നൊമ്പരമായി.
ആദ്യം വെൽഡിങ് ജോലിക്കാരനായ ഷിജുവിന് 10 വർഷം മുമ്പാണ് സർക്കാർ ജോലി ലഭിച്ചത്. കല്യാണം കഴിക്കുന്ന അവസരത്തിൽ ഇയാൾക്ക് കടമുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. സോനയുടെ ശമ്പളമടക്കമുള്ള സാമ്പത്തിക ഇടപാടുകൾ ഇയാളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പൊതുവെ ആരോടും കൂടുതലായി ഇടപെടാത്ത ഷിജു ഒരാഴ്ചയായി കൂടുതൽ മൗനിയായതായി നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ പ്രശ്നമൊന്നുമില്ലെന്നായിരുന്നു മറുപടി. കൃത്യത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ആലോചനയെന്നും നിലവിളികേട്ട് ആളുകൂടിയതോടെ പിന്തിരിയുകയായിരുന്നെന്നും ഷിജു മൊഴി നൽകിയിട്ടുണ്ട്. നിസ്സാര കാര്യങ്ങളുടെ പിന്നാലെയുണ്ടായ പ്രതികാരത്തിൽ പിഞ്ചുകുഞ്ഞിെൻറ ജീവൻ നഷ്ടപ്പെട്ട ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.