ഷിഗെല്ല; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
text_fieldsകണ്ണൂർ: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും അതിജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.
ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല. വയറിളക്കം, വയറുവേദന, ഛർദി, പനി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാല്‍ മലത്തോടൊപ്പം രക്തവും കാണാന്‍ സാധ്യതയുണ്ട്. മലിനജലത്തിലൂടെയും കേടായ ഭക്ഷണങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.
ഗുരുതരാവസ്ഥയിലെത്തിയാല്‍ മരണം വരെ സംഭവിക്കാവുന്ന പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല. അതിനാല്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. കൂടാതെ, രോഗം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.