തെൻറ പേരിലുള്ള ഇരട്ടവോട്ട്: അന്വേഷിക്കണമെന്ന് ഷമ മുഹമ്മദ്
text_fieldsകണ്ണൂർ: തെൻറ പേരിലുള്ള ഇരട്ട വോട്ടിനെക്കുറിച്ച് അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്ന് എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായും അവർ പറഞ്ഞു.
കള്ളവോട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടി സി.പി.എമ്മാണ് തനിക്ക് ഇരട്ട വോട്ട് ചേർത്തതെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരിക്കെ, എനിക്കെതിരെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രസ്താവനയിറക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. 2015ൽ നാട്ടിൽ സ്ഥിരതാമസമാക്കിയ എനിക്ക് 2020ൽ ഒരു പ്രവാസി വോട്ടവകാശം അപേക്ഷിക്കേണ്ട ആവശ്യമില്ല. അങ്ങനെയൊരു വോട്ടുള്ള കാര്യം ഞാൻ അറിയുന്നതുതന്നെ ജയരാജൻ വെളിപ്പെടുത്തിയതിലൂടെയാണെന്നും അവർ പറഞ്ഞു.
അത്തരത്തിൽ വോട്ടർ കാർഡ് ഉണ്ടെങ്കിൽ അതെങ്ങനെ ഉണ്ടായെന്ന് അറിയണം. ആരുടെ കള്ള അപേക്ഷയുടെ അടിസ്ഥാനത്തിലാണെന്നും ബി.എൽ.ഒയെ ആര് സ്വാധീനിച്ച് ചെയ്യിച്ചതാണെന്നും അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ടെന്നും ഷമ മുഹമ്മദ് പറഞ്ഞു.