സേവാസ് പദ്ധതി; ആദ്യ ഘട്ടത്തിൽ കായിക പരീശീലനം
text_fieldsകണ്ണൂർ: വിവിധ തരത്തിൽ പിന്നാക്കം നിൽക്കുന്ന പഞ്ചായത്തുകളെ ദത്തെടുക്കുന്ന സമഗ്ര ശിക്ഷ കേരളയുടെ സേവാസ് പദ്ധതിയുടെ ആദ്യഘട്ടമായി വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്തിനെയാണ് ദത്തെടുത്തത്.
എല്ലാ വാർഡിലും സമിതികൾ രൂപവത്കരിച്ചാണ് കുട്ടികൾക്ക് കായിക പരിശീലനം നൽകുക. ഫുട്ബാൾ, വോളിബാൾ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങളിൽ വിദഗ്ധ പരിശീലനം നൽകും. കുട്ടികളെ കായികമേളകളിൽ അടക്കം മുന്നേറാൻ തയാറാക്കുകയാണ് ലക്ഷ്യം. കലകളിലും പരിശീലനം നൽകും. മാർച്ചിനുള്ളിൽ 10 ലക്ഷത്തിന്റെപ്രവർത്തനങ്ങൾ നടത്താനായി പ്രൊപോസൽ തയാറാക്കിയിട്ടുണ്ട്. സമഗ്ര ശിക്ഷ കേരളയുടെ അനുമതി ലഭിച്ചശേഷം നടപ്പാക്കേണ്ട പദ്ധതികൾ തീരുമാനിക്കും.
ഏപ്രിൽ മുതൽ മുഴക്കുന്ന് പഞ്ചായത്തിനെ ഏറ്റെടുത്ത് വിവിധ പദ്ധതികൾ നടപ്പാക്കും. അഞ്ചു വർഷം കൊണ്ട് മുഴക്കുന്ന് പഞ്ചായത്തിൽ സമഗ്ര മേഖലയിലും വികസന വെളിച്ചമെത്തിക്കും.
ഇരുപത്തഞ്ചോളം പട്ടികവർഗ, പട്ടിക ജാതി കോളനികളുള്ള മുഴക്കുന്ന് പഞ്ചായത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് ലക്ഷ്യം. കൂടുതൽ രക്ഷിതാക്കൾ സാക്ഷരതരല്ലെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. സാമൂഹികമായും സാമ്പത്തികമായുമുള്ള പിന്നാക്കാവസ്ഥയും പഞ്ചായത്തിലുണ്ട്. കുടിവെള്ളം, സാമ്പത്തിക പ്രയാസം തുടങ്ങി ഓരോ വാർഡിലും വ്യത്യസ്ത പ്രശ്നങ്ങളാണ് കണ്ടെത്തിയത്. പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് തൊഴിൽപരിശീലനം നൽകും.
പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വകുപ്പിന് കൈമാറും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉന്നമനത്തിനായി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കൂടുതൽ പദ്ധതികൾ തയാറാക്കും.
പൊതുവിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസമേകി മുന്നോട്ട് നയിക്കുക, വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും മികവ് നേടാൻ സഹായിക്കുക, വിവിധതരം പരിമിതി അനുഭവിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസവും ജീവിത നൈപുണിയും ഒരുക്കുക തുടങ്ങിയവയാണ് സേവാസ് (സെൽഫ് എമേർജിങ്ങ് വില്ലേജ് ത്രൂ അഡ്വാൻസ്ഡ് സപ്പോർട്ട്) പദ്ധതിയുടെ ലക്ഷ്യം.
പൊതുവിദ്യാഭ്യാസം, പട്ടികജാതി പട്ടികവർഗം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ശിശുക്ഷേമം, സാമൂഹികക്ഷേമം, പൊലീസ്, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിവിധ പദ്ധതികൾ തയാറാക്കി നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

