സെൻട്രൽ മാർക്കറ്റിൽ മലിനജലം കടകളിലേക്ക്; കോർപറേഷനിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം
text_fieldsകണ്ണൂർ സെൻട്രൽ മാർക്കറ്റിൽ മത്സ്യ-മാംസ മാർക്കറ്റിലെ മലിനജലപ്ലാന്റ് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നു
കണ്ണൂർ: സെൻട്രൽ മാർക്കറ്റിൽ ദുർഗന്ധം വമിച്ച് മലിനജലം കടകളിലേക്ക് ഒഴുകുന്നു. മത്സ്യ-മാംസ മാർക്കറ്റിലെ മലിനജല പ്ലാന്റ് നിറഞ്ഞാണ് പുറത്തേക്ക് വെള്ളമൊഴുകുന്നത്. മൂക്കുപൊത്താതെ ഇതുവഴി പോകാനാവില്ല. മാർക്കറ്റിന് പിറകിലെ കടകൾക്ക് തൊട്ടുമുന്നിലൂടെയാണ് കറുത്തനിറത്തിൽ പുഴുവരിക്കുന്ന വെള്ളമൊഴുകുന്നത്. മഴക്കാലത്ത് ദുരിതം ഇരട്ടിക്കും. കടകളുടെ ഉള്ളിൽ വരെ മലിനജലമെത്തും.
കാത്തിരിപ്പിനൊടുവിലാണ് 2018ൽ കണ്ണൂരിന്റെ വ്യാപാര സിരാകേന്ദ്രമായ കാംബസാറിൽ കോർപറേഷൻ നേതൃത്വത്തിൽ സെൻട്രൽ മാർക്കറ്റ് നിർമാണം പൂർത്തിയാക്കി തുറന്നത്. ഇതുവരെ രണ്ട് തവണ മാത്രമാണ് മലിനജലം കോരി ഒഴിവാക്കിയതെന്ന് വ്യാപാരികൾ പറയുന്നു. മലിനജല പ്ലാന്റ് നിറഞ്ഞത് നിരവധി തവണ കോർപറേഷന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും വ്യാപാരികൾ പറഞ്ഞു. അമ്പതോളം കടകളാണ് ഈ ഭാഗത്തുള്ളത്. കടകൾക്ക് മുന്നിലെ ചെറുചാലിലൂടെ മാർക്കറ്റ് റോഡിലെ അഴുക്കുചാലിലേക്കാണ് മലിനജലം ഒഴുകുന്നത്. ദുർഗന്ധം കാരണം സാധനങ്ങൾ വാങ്ങാനെത്തുന്നവരും തൊഴിലാളികളുമെല്ലാം ദുരിതത്തിലാണ്.
സെൻട്രൽ മാർക്കറ്റിൽ കോർപറേഷൻ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നില്ലെന്നും വ്യാപാരികൾക്ക് പരാതിയുണ്ട്. നാടാകെ പകർച്ചവ്യാധികൾക്കെതിരെ കോർപറേഷൻ ബോധവത്കരണം നടത്തുമ്പോൾ സ്വന്തം സ്ഥാപനത്തിൽ കൊതുകുവളർത്തുകേന്ദ്രങ്ങളായി മലിനജല പ്ലാന്റുകൾ നിറഞ്ഞുമറിയുകയാണ്. മലിനജലത്തിൽ ചവിട്ടി നടക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. മാർക്കറ്റ് ഉദ്ഘാടനത്തിന് ശേഷം അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ വ്യാപാരികൾക്ക് പ്രതിഷേധമുണ്ട്. മാർക്കറ്റിലെ വഴി അനധികൃതമായി മതിൽകെട്ടി അടച്ചതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

