സീഡ് തട്ടിപ്പ്; മലയോരത്ത് പരാതികൾ കൂടുന്നു
text_fieldsകണ്ണൂർ: പാതിവിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ സീഡ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ വ്യാഴാഴ്ചയും നൂറുകണക്കിന് പരാതികൾ. മലയോര മേഖലയിലാണ് വ്യാഴാഴ്ച കൂടുതൽ പരാതികളുമായി പണം നഷ്ടപ്പെട്ടവർ എത്തിയത്.
കുടിയാന്മല പൊലീസ് സ്റ്റേഷനിൽ മാത്രം 100ലേറെ പരാതികൾ സ്വീകരിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ അഞ്ചു പരാതികൾ സ്വീകരിച്ചു. വളപട്ടണം, മയ്യിൽ, തളിപ്പറമ്പ്, പയ്യന്നൂർ, കുടിയാന്മല സ്റ്റേഷനുകളിലാണ് കൂടുതൽ പരാതികൾ.
ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിനിരയായ ഒട്ടേറെ പേർ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ചില സ്റ്റേഷനുകളിൽ വ്യാഴാഴ്ചയും പരാതി കൈപ്പറ്റാൻ എസ്.എച്ച്.ഒമാർ വിസമ്മതിച്ചതായി പരാതിയുണ്ട്. കൂടാതെ കമീഷണർക്ക് പരാതിയുമായി എത്തിയവർ വെള്ളിയാഴ്ച കലക്ടറേറ്റിലെത്തി കലക്ടർക്കുകൂടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസിന്റെ കീഴിലുള്ള സൊസൈറ്റികൾ വഴിയാണ് സംസ്ഥാനത്തുടനീളം തട്ടിപ്പു നടന്നത്. തട്ടിപ്പ് കേസിൽ അനന്ദു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പരാതിക്കാർ കൂടുതൽ പുറത്തുവരാൻ തുടങ്ങിയത്. സീഡ് സൊസൈറ്റി കണ്ണൂർ ഡി.പി.എം മയ്യിൽ കണ്ടക്കൈ സ്വദേശിനി രാജമണി, സെക്രട്ടറി ബാലൻ പടിയൂർ, മലപ്പട്ടം കോഓഡിനേറ്റർ രമ്യ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം മയ്യിൽ പൊലീസിൽ പരാതി നൽകിയിരുന്നു. രാജമണിക്കെതിരെ വളപട്ടണം പൊലീസിലും പരാതി നൽകി. അതിനിടെ, കണ്ണൂർ നഗരത്തിലെ സീഡ് ഓഫിസും ടൗൺ പൊലീസ് സീൽ ചെയ്തിരുന്നു.
ജില്ലയിൽ നൂറോളം കോഓഡിനേറ്റർമാരും മുന്നൂറോളം പ്രമോട്ടർമാരും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ-കോളജ് കിറ്റ്, ഓണക്കിറ്റ്, ലാപ്ടോപ്, തയ്യൽ മെഷീൻ, മൊബൈൽ ഫോൺ, ജൈവവളം തുടങ്ങി വിവിധ പദ്ധതികൾക്കാണ് ജില്ലയിൽനിന്നു പണം പിരിച്ചത്. ഇതുവരെ കണ്ണൂരിൽനിന്ന് മാത്രം 10 കോടിയിലേറെ തുക പിരിച്ചെന്ന് നിഗമനം. കൂടുതൽ പരാതിക്കാർ അടുത്ത ദിവസങ്ങളിൽ വരുമ്പോൾ സംഖ്യ കൂടുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.
കോഓഡിനേറ്റർമാരുടെ മൊഴിയെടുത്തു
സീഡ് സൊസൈറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് തങ്ങളും വഞ്ചിക്കപ്പെട്ടുവെന്ന് കാണിച്ച് കോഓഡിനേറ്റർമാരും പ്രമോട്ടർമാരും ചേർന്ന് കമ്പനി മേധാവികളുടെ പേരിൽ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിന്റെ ഭാഗമായി സ്റ്റേഷനിൽ ഇവരുടെ മൊഴിയെടുപ്പ് നടന്നു.
സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് സംസ്ഥാന മേധാവിയും ചീഫ് കോഓഡിനേറ്ററുമായ അനന്തു കൃഷ്ണൻ, സംസ്ഥാന ചെയർപേഴ്സൻ ബീന സെബാസ്റ്റ്യൻ, സെക്രട്ടറി കെ.പി. സുമ, വൈസ് ചെയർപേഴ്സൻ ഇന്ദിര, ലീഗൽ അഡ്വൈസർ അഡ്വ. ലാലി വിൻസെന്റ്, നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ അഖിലേന്ത്യ ചീഫ് കോഓഡിനേറ്റർ ആനന്ദ കുമാർ എന്നിവർക്കെതിരെയാണ് കമ്പനി പ്രമോട്ടർമാരും കോഓഡിനേറ്റർമാരും പരാതി നൽകിയത്. മോഹനൻ, രേഷ്മ, പുഷ്പജൻ, രൂപേഷ്, സമീർ, കല എന്നിവരിൽനിന്നാണ് മൊഴിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

