‘സ്കൂഫെ’ കൂടുതൽ സ്കൂളുകളിലേക്ക്
text_fieldsകണ്ണൂർ: കുടുംബശ്രീയുമായി കൈ കോർത്തുള്ള ജില്ല പഞ്ചായത്തിന്റെ കഫേ അറ്റ് സ്കൂൾ പദ്ധതി ‘സ്കൂഫെ’ അടുത്ത അധ്യയന വർഷം മുതൽ കൂടുതൽ സ്കൂളുകളിൽ വ്യാപിപ്പിക്കും. ഇതിനായി പദ്ധതിക്കായി ജില്ല പഞ്ചായത്ത് ബജറ്റിൽ 40 ലക്ഷം വകയിരുത്തി.
വിദ്യാലയങ്ങളിൽ ലഘുഭക്ഷണവും സ്റ്റേഷനറി സാധനങ്ങളും ലഭ്യമാക്കിയാൽ കുട്ടികളെ ടൗണുകളിലും പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും പോകുന്നത് ഇല്ലാതാക്കാനും ലഹരി മാഫിയകളിൽ നിന്ന് അകറ്റി നിർത്താനും സാധിക്കും എന്നതാണ് പദ്ധതിയുടെ ലഷ്യം. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് തൊഴിൽ സംരംഭമായി ജില്ലയിലെ സ്കൂളുകളിൽ ‘സ്കൂഫെ’ തുടങ്ങനാനാണ് ജില്ല പഞ്ചായത്ത് തുക വകയിരുത്തിയത്.
ജില്ലയിലെ ആദ്യത്തെ സ്കൂഫെ കഴിഞ്ഞ വർഷം കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് തുടങ്ങിയത്. തുടർന്ന് കരിവെള്ളൂർ, രാമന്തള്ളി, പെരിങ്ങോം വയക്കര, പിണറായി പഞ്ചായത്തുകളിൽ ഓരോ സ്കൂളുകളിൽ കൂടി ആരംഭിച്ചു. അടുത്ത അധ്യയന വർഷം ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ കൂടി ‘സ്കൂഫെ’ തുടങ്ങുമെന്ന് കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. എം. സുർജിത്ത് അറിയിച്ചു.
സ്കൂളുകളാണ് ഇതിനായുള്ള സ്ഥല സൗകര്യം ഒരുക്കേണ്ടത്. ജില്ല പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് കഴിഞ്ഞ വർഷം 20 ലക്ഷം നീക്കിവെച്ചായിരുന്നു പദ്ധതി യാഥാർഥ്യമാക്കിയത്. കൂടുതൽ സ്കുൾ അധികൃതർ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടുവന്നതോടെയാണ് ജില്ല പഞ്ചായത്ത് കൂടുതൽ തുക അനുവദിച്ചത്.
അടുത്ത വർഷംമുതൽ സ്കൂൾ വളപ്പിൽ ഒരുക്കുന്ന ‘സ്കൂഫെ’ യിൽ ലഘുഭക്ഷണവും ഊണും ഒരുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലിലെ 20 രൂപയുടെ ഉച്ച ഭക്ഷണം ഇവിടെയെത്തിച്ച് കുട്ടികൾക്ക് വിതരണം ചെയ്യും. നിലവിൽ കുഞ്ഞിമംഗലത്തെ സ്കൂളിൽ ഇത് വിജയകരമായി നടപ്പിലാക്കുന്നുണ്ട്.
ഇതിന് പുറമെ കുട്ടികൾക്ക് അത്യാവശ്യമായ പേന, പെൻസിൽ, നോട്ടുബുക്കുകൾ എന്നിവയും ലഭിക്കും. ഓരോ സ്കൂളിലും ‘സ്കൂഫെ’ ഒരുക്കുന്നതോടെ രണ്ട് കുടുംബശ്രീ പ്രവർത്തകർക്ക് ജോലിയും ലഭിക്കും. സ്കൂഫെയിലെ ഭക്ഷണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടിയും അധികൃതർ സ്വീകരിക്കും.
സ്കൂൾ ഇടവേളകളിൽ കുട്ടികൾ പുറത്തുപോകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. സ്കൂൾ പരിസരങ്ങളിൽ ലഹരി മാഫിയ ശക്തമാകുന്ന സാഹചര്യത്തിൽ ഭക്ഷണത്തിനടക്കം കുട്ടികൾ പുറത്തുപോകുന്നത് ‘സ്കൂഫെ’ യാഥാർഥ്യമാകുന്നതോടെ ഒരു പരിധിവരെ ഒഴിവാക്കാനാകും.