വിദ്യാലയ ജീവനക്കാരെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി
text_fieldsജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും നടത്തിയ പ്രകടനം
പഴയങ്ങാടി: എസ്.എഫ്.ഐ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത ചൊവ്വാഴ്ച 20ഓളം പേർ വിദ്യാലയത്തിലെത്തി ഓഫിസ് ജീവനക്കാരെ മർദിച്ചതായി പരാതി. പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ പ്രവർത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ 20ഓളം പേരെത്തി പഠിപ്പുമുടക്കുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
1979ൽ വിദ്യാലയം സ്ഥാപിതമായതു മുതൽ ഒരുസമരത്തിന്റെയും ഭാഗമായി അടച്ചിട്ടില്ലെന്നറിയിച്ചതോടെ ജീവനക്കാരായ വി.പി. റാശിദ്, കെ.സി. മുഹമ്മദ് ജാഫർ എന്നിവരെ കൈയേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തതായി പ്രിൻസിപ്പൽ പി.കെ. രജിത, ഹെഡ്മാസ്റ്റർ എസ്. സുബൈർ, പി.ടി.എ പ്രസിഡന്റ് കെ. മുഹമ്മദ് ഫാറൂഖ് എന്നിവർ പഴയങ്ങാടി പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലെ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തി. മർദനത്തിൽ കെ.പി.എസ്.ടി.എ മാടായി ഉപജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ. റീന അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. മണികണ്ഠൻ, വി.വി. പ്രകാശൻ, ഷാജി സബാസ്റ്റ്യൻ, എം. ഷംജിത്ത്, എൻ. രാമചന്ദ്രൻ, എ.വി. ലളിത, വി.പി. ജ്യോതി ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.