സംഗീത് സാഗറും ഇമ്രാൻ അഷ്റഫും കേരള ടീമിൽ
text_fieldsസംഗീത് സാഗർ, ഇമ്രാൻ അഷ്റഫ്
തലശ്ശേരി: ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 16 വരെ അഹ്മദാബാദിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ റിലയൻസ് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ത്രിദിന ലീഗ് കം നോക്കൗട്ട് ടൂർണമെന്റിൽ ഇടംനേടി കേരള ടീമിലേക്ക് കണ്ണൂർക്കാരായ സംഗീത് സാഗറും ഇമ്രാൻ അഷ്റഫും. 12 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മുംബൈ, ബംഗാൾ, ബറോഡ എന്നിവരടങ്ങുന്ന ഗ്രൂപ് ബിയിലാണ് കേരളം. മാനവ് കൃഷ്ണയാണ് കേരള ക്യാപ്റ്റൻ.
ഓപ്പണിങ് ബാറ്ററായ സംഗീത് സാഗർ കഴിഞ്ഞവർഷം 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി.സി.സി.ഐ കുച്ച് ബെഹാർ ട്രോഫിക്കുള്ള കേരള ടീമിലും 2022-23 സീസണിൽ ബി.സി.സി.ഐയുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിലും കേരള ടീമംഗമായിരുന്നു. ടൂർണമെന്റിൽ മണിപ്പൂരിനെതിരെ 170 റൺസും വിദർഭക്കെതിരെ 132 റൺസുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.
തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരമായ സംഗീത് സാഗർ 2023ൽ രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്കും നാഷനൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണമെന്റിൽ കോഴിക്കോടിനെതിരെ 103 റൺസെടുത്തു. തലശ്ശേരി കോട്ടയം പൊയിൽ എടത്തിൽ ഹൗസിൽ വി. ഗിരീഷ് കുമാറിന്റെയും കെ.കെ. ഷിജിനയുടെയും മകനാണ്. 12ാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർഥിയാണ്.
ടോപ് ഓർഡർ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇമ്രാൻ അഷ്റഫ് കഴിഞ്ഞ സീസണിൽ വിജയ് മർച്ചന്റ് ട്രോഫിയിൽ കേരള ടീമംഗമായിരുന്നു. ആ ടൂർണമെന്റിൽ ബറോഡയിൽവെച്ച് ഉത്തർപ്രദേശിനെതിരെ 115 റൺസെടുത്തു. തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരമായ ഇമ്രാൻ വിവിധ വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണമെന്റിൽ മലപ്പുറത്തിനെതിരെ 101 റൺസെടുത്തു. കണ്ണൂർ ഗോ ഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമിയിലും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് പരിശീലനം. കണ്ണൂർ എട്ടിക്കുളം മൊട്ടക്കുന്ന് എൻ.എം.സി ഹൗസിൽ മുഹമ്മദ് അഷ്റഫിന്റെയും എൻ.എം.സി. സലീനയുടെയും മകനായ ഇമ്രാൻ അഷ്റഫ് 11ാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

