വളപട്ടണം ഗ്രാമപഞ്ചായത്ത്; ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്നു മാസം
text_fieldsവളപട്ടണം: ഗ്രാമപഞ്ചായത്ത് ഓഫിസ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്നു മാസം പിന്നിടുന്നു. ജീവനക്കാരുടെ ശമ്പളത്തിനു പുറമെ ഭരണസമിതിയംഗങ്ങളുടെ അലവൻസും മുടങ്ങി. ജീവനക്കാർ കൂട്ട അവധി എടുത്ത് പഞ്ചായത്ത് ഓഫിസ് അടച്ചുപൂട്ടി ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തുകയും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തിട്ടും പ്രശ്നപരിഹാരമായില്ല.
പുതിയ ഭരണസമിതിക്കും പിരിഞ്ഞുപോയ ഭരണസമിതിക്കും നാലു മാസത്തോളമായി അലവൻസ് നൽകാൻ ബാക്കിയുണ്ട്. ഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്തെത്തി വകുപ്പ് മന്ത്രിയെ കണ്ടെങ്കിലും വിഫലമായി.
പഞ്ചായത്തിന്റെ ഒന്നര കോടിയിൽപരം രൂപ വളപട്ടണം സർവിസ് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചത്. ഭരണസമിതിയുടെ അനാസ്ഥ കാരണം ബാങ്ക് തകർച്ചയുടെ വക്കിലാണ്. പണം പിൻവലിക്കാൻ കഴിയാതെ നൂറുകണക്കിന് നിക്ഷേപകർ പ്രതിസന്ധിയിലാണ്. ഭരണസമിതിയംഗങ്ങൾ രാജിവെച്ചതോടെ ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കാണ്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കാണ് കിട്ടാക്കടവും വഴിവിട്ട വായ്പയും കാരണം പ്രതിസന്ധിയിലായത്.
മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ ദൈനംദിന ചെലവുകളും കടബാധ്യതകളും നിറവേറ്റാൻ കഴിയാതെ ജീവിതംതന്നെ വഴിമുട്ടിയ സാഹചര്യത്തിലാണ്.
ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, എൽഐ.സി, സ്റ്റേറ്റ് എൽ.ഐ.സി, ആരോഗ്യ ഇൻഷൂറൻസ്, പെൻഷൻ കോൺട്രിബ്യൂഷൻ, മെഡിസെപ്, വീട് ലോൺ, വീട് വാടക, വാഹന ലോൺ എന്നീ മാസ അടവുകളാണ് മാസങ്ങളായി മുടങ്ങിയത്.
ചില മാസ അടവുകൾ രണ്ട് മാസത്തിൽ കൂടുതൽ മുടങ്ങിയാൽ തുടർന്നുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന ഭീതിയിലാണ് ജീവനക്കാർ. ഇനിയും ശമ്പളം വൈകുകയാണെങ്കിൽ മറ്റ് ജോലി ചെയ്ത് ജീവിക്കാൻ സർക്കാർ അനുമതി നൽകണമെന്നും ജീവനക്കാർ പറയുന്നു.
20ഓളം ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തിന് 15 ലക്ഷം രൂപയോളം ആവശ്യമാണ്. 14 ഭരണസമിതി അംഗങ്ങളുടെ ഓണറേറിയം നൽകാൻ മാസം 1.5 ലക്ഷം വേറെയും വേണം.
മാസങ്ങളായി ശമ്പളവും അലവൻസും ലഭിക്കാത്തതിനെ തുടർന്ന് ദൈനംദിന ചെലവുകളും കടബാധ്യതകളും നിറവേറ്റാൻ കഴിയാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ സർക്കാർ ഉടൻ ഇടപെട്ട് ശമ്പളം അനുവദിക്കണമെന്നാണ് ഭരണസമിതിയും ജീവനക്കാരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

