മഴക്കാലത്തെ മൃതദേഹ സംസ്കാര പ്രതിസന്ധി; പയ്യാമ്പലത്ത് കൂടുതൽ മഴമറ ഒരുങ്ങുന്നു
text_fieldsപയ്യാമ്പലം പൊതുശ്മശാനത്തിൽ മഴമറ നിർമാണം മേയർ മുസ്ലിഹ് മഠത്തിൽ പരിശോധിക്കുന്നു
കണ്ണൂർ: പയ്യാമ്പലം പൊതുശ്മശാനത്തിൽ മഴക്കാലത്ത് മൃതദേഹങ്ങളുടെ സംസ്കാരം വൈകുന്നതിന് പരിഹാരം കാണാനായി കൂടുതൽ മഴമറ ഒരുങ്ങുന്നു. മഴക്കാലത്ത് മൃതദേഹം നനയാതെ സംസ്കരിക്കാനായി മേൽക്കൂരയായാണ് കോർപറേഷൻ നേതൃത്വത്തിൽ ടെന്റുകൾ നിർമിക്കുന്നത്.
അടിയന്തരമായി 10 എണ്ണത്തിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. മഴക്കാലത്ത് മൃതദേഹങ്ങളുടെ സംസ്കാരം പലപ്പോഴും പ്രതിസന്ധിയിലായിരുന്നു. മൃതദേഹങ്ങളുമായി ഏറെനേരം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയായിരുന്നു. സംസ്കാരം നടത്തുന്നതിന് 30 കളമാണുള്ളത്.
സംസ്കാരത്തിനായി ആകെയുള്ളത് ഏഴ് മഴമറയും. ദിവസേന ശരാശരി 10 മൃതദേഹങ്ങൾ ഇവിടെ എത്താറുണ്ട്. പൂർണമായും കത്തിത്തീരാതെ മഴമറ നീക്കാനാവാത്തതിനാൽ സംസ്കരിക്കാനാവാതെ മൃതദേഹങ്ങൾ ആംബുലൻസിൽനിന്ന് പുറത്തെടുക്കാനാവാത്ത സ്ഥിതിയായിരുന്നു പലപ്പോഴും.
മഴമറ കാലപ്പഴക്കത്താൽ ചോരുന്നതിനാലും മഴയത്ത് വിറക് കത്താൻ കൂടുതൽ സമയമെടുക്കുന്നതിനാലും സംസ്കാരം പ്രതിസന്ധിയിലാണ്. സംസ്കാരം വൈകുന്നതിനാൽ ബന്ധുക്കളും ശ്മശാനം ജീവനക്കാരും തമ്മിൽ വാക്കേറ്റം സ്ഥിരമാണ്. കോർപറേഷനിലും പ്രതിഷേധവുമായി ആളുകൾ എത്തിയിരുന്നു.
വിഷയം കോർപറേഷൻ യോഗത്തിലും ചർച്ചയായിരുന്നു. പയ്യാമ്പലത്ത് മഴക്കാലത്തും ശവസംസ്കാരം സുഗമമായി നടത്തുന്നതിന് മഴമറ നിർമാണം പുരോഗമിക്കുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. കൂടുതൽ മൃതദേഹങ്ങൾ വന്നാൽ പ്രതിസന്ധിയിലായി സംസ്കാരം വൈകുന്ന സാഹചര്യവും ഉണ്ടായിരുന്നു.
കോർപറേഷന് പുറത്തുനിന്ന് വരുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിവരുകയാണെന്നും പലപ്പോഴും മുൻകൂട്ടി അറിയിക്കാതെയും സമയം വാങ്ങാതെയും വരുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുരേഷ് ബാബു എളയാവൂർ എന്നിവരും മേയർക്കൊപ്പം പയ്യാമ്പലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

