ഭീഷണിപ്പെടുത്തി പണം തട്ടൽ: രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsപിടിയിലായ മുഹമ്മദ് ഷെരീഫും പ്രവീണും
കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡിലെത്തിയ കെട്ടിട നിര്‍മാണ തൊഴിലാളികളുടെ മേസ്തിരിയെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ചു രക്ഷപ്പെട്ട മൂന്നുപേരിൽ രണ്ടുപേരെ പൊലീസ് പിടികൂടി. നിരവധി മോഷണ, പിടിച്ചുപറിക്കേസിലെ പ്രതികളായ പെരിങ്ങോം കൂറ്റൂര് എരമത്തെ കൊയിലേരിയന്‍ ഹൗസില്‍ പ്രവീണ്‍ (42), കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഷെരീഫ് (40) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന് സി.ഐ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെ പഴയ സ്റ്റാൻഡിലെത്തിയ മേസ്തിരി മുഴപ്പിലങ്ങാട് തെക്കേ കുന്നുമ്പ്രം സ്വദേശി വൈദ്യാര് ഹൗസില്‍ സിയാദാണ് (50) പിടിച്ചുപറിക്കിരയായത്. ഇയാളുടെ കൈയിലുണ്ടായിരുന്ന 27,000 രൂപയുമായി പ്രതികള്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് തക്ക സമയെത്തത്തിയ പൊലീസ് സംഘം തുടർന്ന് നഗരത്തിൽ നടത്തിയ പരിശോധനയിൽ റെയില്‍വേ സ്റ്റേഷന് റോഡില്‍വെച്ച് ഇരുവരെയും പിടികൂടുകയായിരുന്നു. മൂന്നാമത്തെയാള്‍ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രവീൺ കണ്ണൂര്‍, വളപട്ടണം സ്റ്റേഷനുകളിലും ഉപ്പള സ്വദേശിയായ മുഹമ്മദ് ഷെരീഫ് കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലും നിരവധി കേസുകളിൽ പ്രതിയാണ്.