കണ്ണൂർ സെന്‍ട്രല്‍ ജയിലിലെ കവര്‍ച്ച: പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
text_fieldsകണ്ണൂര്‍: മൂന്ന് മാസം പിന്നിട്ടിട്ടും കണ്ണൂർ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി യൂനിറ്റിൽ നടന്ന കവര്‍ച്ചയിലെ പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. സെൻട്രൽ ജയിൽ പരിസരത്തുതന്നെയുള്ള ഓഫിസില്‍നിന്ന് രണ്ടുലക്ഷം രൂപയാണ് മോഷണം പോയത്. ഏപ്രില്‍ 21നാണ് ചപ്പാത്തി യൂനിറ്റ് ഓഫിസ് പൂട്ട് പൊളിച്ച് രണ്ടു ലക്ഷം കവര്‍ന്നത്. 24 മണിക്കൂറും കാവലുള്ള സെന്‍ട്രല്‍ ജയിലിെൻറ കവാടത്തിനരികെയുള്ള ഓഫിസില്‍ ഇത്രയും വലിയ കവർച്ച നടന്നിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് ദുരൂഹമാണ്. കവർച്ച നടന്ന അടുത്തദിവസം തന്നെ ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചിരുന്നു.
രാത്രി 11.30നും 12.15നും ഇടയില്‍ ഈ ഭാഗത്ത് സംശയകരമായി ഒരാള്‍ ചുറ്റിത്തിരിയുന്നതിെൻറ ദൃശ്യം സി.സി.ടി.വിയില്‍നിന്ന് ലഭിെച്ചന്നായിരുന്നു പൊലീസ് ഭാഷ്യം. ഓഫിസ് മേശയിലാണ് പണം സൂക്ഷിക്കുകയെന്ന വിവരം കൃത്യമായി അറിയാവുന്നയാള്‍ തന്നെയാണ് കവര്‍ച്ച നടത്തിയതെന്നായിരുന്നു ആദ്യനിഗമനം.
പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. തുടർന്ന് അന്വേഷണസംഘം കാമറയില്‍ പതിഞ്ഞയാളെ കുറിച്ച് അന്വേഷണം നടത്തിയെന്ന് പറഞ്ഞെങ്കിലും ഒരുതുമ്പും ലഭിച്ചില്ല. മോഷ്ടാവിന് ജയിലില്‍നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.
കവർച്ച നടന്ന അടുത്ത ദിവസം സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് നായ് മണം പിടിച്ചുപോയത് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിെൻറ സമീപത്തേക്കാണ് എന്നതും സംഭവത്തിലെ ദുരൂഹത ഇരട്ടിയാക്കുന്നു. കണ്ണൂര്‍ അസി. കമീഷണര്‍ പി. ബാലകൃഷ്ണന് നായരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. ഇതിനിടെ നിരവധി മോഷണക്കേസിലെ പ്രതിയായ ആലക്കോട് സ്വദേശി തങ്കച്ചൻ എന്നയാൾക്ക് സംഭവവുമായി ബന്ധമുണ്ടെന്നും ഇയാളെ മംഗളൂരുവിൽ മറ്റെരു കേസിൽ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു. എന്നാൽ, ഇയാളെ കണ്ണൂരിലെത്തിക്കുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല.
തങ്കച്ചന് മംഗളൂരുവിൽ ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ടാണ് പിടിയിലാകുന്നത്. ഇയാളാവാം സെന്‍ട്രല്‍ ജയിലിലെ മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പ്രതിയെ ചോദ്യം ചെയ്യാനായി കണ്ണൂർ ടൗണ്‍ പൊലീസ് കര്‍ണാടകത്തിലേക്ക് തിരിച്ചത്. എന്നാല്‍, ചോദ്യംചെയ്യലില്‍ ജയിലില്‍ മോഷണം നടക്കുന്ന സമയം ഇയാള്‍ സ്ഥലത്തില്ല എന്ന് കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്തത് എഴുപതിൽപരം ആളുകളെ
കണ്ണൂര്‍: സംഭവത്തിൽ ഇതിനകം 72 ഓളം ആളുകളെയാണ് ചോദ്യം ചെയ്തത്. വിവിധ മോഷണ കേസുകളിൽപെട്ട 20ഓളം ആളുകളെ കണ്ടെത്തി പരിശോധിച്ചു. എന്നിട്ടും അേന്വഷണത്തിൽ ഒരു തുമ്പും ഉണ്ടായില്ല. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. ജയിലില്‍നിന്ന് പ്രതികള്‍ക്ക് ഫോണ്‍ വിളിക്കാനുള്ള സൗകര്യമുണ്ട്. ഇത്തരത്തില്‍ വിളിച്ച എല്ലാ ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.