കൂരൻമുക്ക്-പെരിയത്തിൽ റോഡ് പ്രവൃത്തി അനിശ്ചിതത്വത്തിൽ
text_fieldsകൂരൻമുക്ക്-പെരിയത്തിൽ റോഡ് നവീകരണത്തിനായി പഴയ റോഡ് കിളച്ചിട്ട നിലയിൽ
ഇരിട്ടി: ഏറെ കാത്തിരിപ്പിന് ശേഷം തുടങ്ങിയ കൂരൻ മുക്ക്-പെരിയത്തിൽ റോഡ് നവീകരണം അനിശ്ചിതത്വത്തിൽ. ഒരാഴ്ച മുമ്പ് പഴയ റോഡ് കിളച്ച് കുരൻമുക്ക് ഭാഗത്ത് നിന്ന് പ്രവൃത്തി ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നിർമാണ സാമഗ്രികളുമായി എത്തിയ വാഹനം നാട്ടുകാർ ഇറക്കാൻ സമ്മതിക്കാതെ തിരിച്ചയച്ചതോടെയാണ് പണി അനിശ്ചിതത്വത്തിലായത്. റോഡ് നേരത്തെ പറഞ്ഞ പ്രകാരമല്ല നവീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സാധനങ്ങൾ തിരിച്ചയച്ചതെന്ന് പറയുന്നു.
റോഡ് പ്രവൃത്തി ടെൻഡറായി മാസങ്ങൾ പിന്നിട്ടിട്ടും പണി നീളുന്നതിൽ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മൂന്നു കിലോമീറ്ററോളം വരുന്ന റോഡിന്റെ പെരിയത്തിൽ മുതൽ ഒന്നര കിലോ മീറ്ററോളം ഭാഗം സണ്ണിജോസഫ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷവും അവശേഷിക്കുന്ന കൂരൻ മുക്ക് വരെയുള്ള ഭാഗം നഗരസഭ ഫണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായി 41.5 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്.
രണ്ട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പ്രവൃത്തി നടത്തുന്നതിനാലും റോഡിന്റെ തകർന്ന ഭാഗത്തെ ചൊല്ലി വാട്ടർ അതോറിറ്റിയുമായുള്ള ചില സാങ്കേതിക പ്രശ്നങ്ങളും റോഡ് നവീകരണം അനന്തമായി നീളാൻ കാരണമായി. വാട്ടർ അതോറിറ്റി ഉദ്യേഗസ്ഥരുമായി നഗരസഭ അധികൃതർ നിരന്തരം ചർച്ച നടത്തുകയും പൈപ്പിടാൻ പൊട്ടിച്ച റോഡിന്റെ ഭാഗങ്ങൾ തങ്ങൾ നവീകരിക്കുമെന്ന ഉറപ്പിന്മേൽ കരാറുകാരൻ കഴിഞ്ഞയാഴ്ച പ്രവൃത്തിയാരംഭിച്ചു.
നഗരസഭയുടെ പ്രവൃത്തിയും വാട്ടർ അതോറിറ്റിയുടെ പ്രവൃത്തിയും ഒരുമിച്ച് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ശനിയാഴ്ച സാമഗ്രികൾ തടഞ്ഞതോടെ ഇനിയെന്ന് പണി തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നില നിൽക്കുന്നത്. റോഡ് ഒരു ഭാഗം കിളച്ചിട്ടതും പൈപ്പിടലിന് കുഴിയെടുത്തതിനെ തുടർന്നുണ്ടായ പൊടിപടലങ്ങളും കാൽ നടയാത്ര പോലും ദുസ്സഹമാക്കുകയാണ്. മാസ്കിട്ടാണ് പലരും റോഡരികിലെ വീടുകളിൽ കഴിയുന്നത്.
പെരിയത്തിൽ-കൂരൻമുക്ക് റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. എംഎം. മജീദ് അധ്യക്ഷതവഹിച്ചു. കെ.വി. രാമചന്ദ്രൻ, വി.പി. റഷീദ്, മാമുഞ്ഞി, വി. ശശി, കെ.വി. അബ്ദുല്ല, പി.വി. കേശവൻ, എം.കെ. നജ്മുന്നിസ, പി. ബഷീർ, എം.പി. അബ്ദുറഹ്മാൻ, സമീർ പുന്നാട്, നസീർ ഹാജി, കെ.പി. ഫിർദൗസ്, എ.കെ. മുസ്തഫ, മാരോൻ മുഹമ്മദ്, മണിരാജ, കെ.കെ. റാഷിദ്, ഉത്തമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

