കടവത്തൂർ ടൗണിലെ ദുരിതക്കുഴികൾ എന്നടയും?
text_fieldsകടവത്തൂർ ടൗണിലെ പൊട്ടിപ്പൊളിഞ്ഞ റോഡ്
പാനൂർ: കടവത്തൂർ ടൗണിൽ ചുരുങ്ങിയത് നൂറിലേറെ കുഴികളുണ്ടെന്നുപറഞ്ഞാൽ അതിശയോക്തിയല്ല. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൗണാണ് കടവത്തൂർ.
നിരവധി കച്ചവട സ്ഥാപനങ്ങളുള്ള തിരക്കേറിയ ടൗണിൽ എത്തുന്നവരെ കാത്തിരിക്കുന്നത് ദുരിതക്കുഴികളാണ്. മഴയത്ത് വെള്ളം നിറയുന്നതോടെ ദുരിതം ഇരട്ടിക്കും. എലിത്തോട് മുതൽ ഐഡിയൽ ലൈബ്രറി വരെ അര കിലോമീറ്ററാണ് ടൗൺ. ഈ ഭാഗം മുഴുവൻ ചെറുതും വലുതുമായ കുഴികളാണ്. കഴിഞ്ഞ മൂന്നുവർഷമായി ഈ റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട്. ഓവുചാലുകളും അടഞ്ഞുകിടക്കുകയാണ്. കീഴ്മാടം -കല്ലിക്കണ്ടി റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്ന പദ്ധതി എലിത്തോട് മുതൽ കല്ലിക്കണ്ടി വരെ തടസ്സപ്പെട്ടതാണ് നിലവിലെ അവസ്ഥക്ക് കാരണം.
ദിവസേന വിദ്യാർഥികളുൾപ്പെടെയുള്ളവരും വാഹനങ്ങളുമെത്തുന്ന ടൗണിൽ അത്യാവശ്യം കുഴികളടച്ച് അറ്റകുറ്റ പ്രവൃത്തി പോലും അധികൃതർ നടത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.