റവന്യൂ ജില്ല ശാസ്‌ത്രോത്സവം സമാപിച്ചു
text_fieldsസ്കൂള്‍ തലത്തില്‍ ചാമ്പ്യന്മാരായ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂള്‍ ടീം നഗരസഭ വൈസ് ചെയർമാൻ
എം.വി . ജയരാജനിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
തലശ്ശേരി: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിയും വളർത്തി മൂന്നു ദിവസങ്ങളിലായി തലശ്ശേരിയിൽ നടന്ന റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തിന് പരിസമാപ്തി. പയ്യന്നൂര്‍ ഉപജില്ലയാണ് 1280 പോയന്റുകളുമായി ഓവറോൾ കിരീടം സ്വന്തമാക്കിയത്. 1232 പോയന്റുകള്‍ നേടി ഇരിട്ടി ഉപജില്ല രണ്ടാം സ്ഥാനവും 1190 പോയന്റുകളുമായി കണ്ണൂര്‍ നോര്‍ത്ത് മൂന്നാം സ്ഥാനവും നേടി. പാനൂർ ഉപജില്ല (1185), മാടായി ഉപജില്ല (1181), തളിപ്പറമ്പ് നോർത്ത് (1176) എന്നിവയാണ് തൊട്ടു പിന്നാലെയെത്തിയത്.
സ്കൂള്‍ തലത്തില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ 529 പോയന്റുകള്‍ നേടി ഒന്നാമതായി. 496 പോയന്റുകള്‍ നേടി മമ്പറം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 363 പോയന്റുകള്‍ നേടി കൂടാളി എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആറായിരം മത്സരാര്‍ഥികളാണ് ശാസ്ത്രമേളയുടെ ഭാഗമായത്.
തലശ്ശേരി സെന്റ് ജോസഫ്സ്, സേക്രഡ് ഹാര്‍ട്ട്, ബി.ഇ.എം.പി, മുബാറക്ക്, തലശ്ശേരി ഗവ. എല്‍.പി എന്നീ സ്‌കൂളുകളായിരുന്നു മത്സരവേദികള്‍. സമാപനസമ്മേളനം തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി അധ്യക്ഷതവഹിച്ചു. വിജയികള്‍ക്ക് നഗരസഭ വൈസ് ചെയര്‍മാന്‍ എം.വി. ജയരാജനും കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനിയും സമ്മാന വിതരണം നടത്തി. ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ഒ.പി. ശൈലജ, റിയാസ് ചാത്തോത്ത്, കെ.പി. വികാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

