2.56 കോടി ചെലവിൽ നവീകരിച്ച കണ്ണൂർ ജില്ല ആശുപത്രി ലേബര്‍ മുറി കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു
text_fieldsകണ്ണൂർ: ജില്ല ആശുപത്രിയില്‍ നവീകരിച്ച ലേബര്‍ മുറി മന്ത്രി കെ.കെ. ശൈലജ നാടിന് സമര്‍പ്പിച്ചു. 941 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 600 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയെന്നും 1644 തസ്തികകള്‍ കൂടി സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കോവിഡ് നിരക്ക് കൂടുന്നുവെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല.
ഇത്രയും കാലം കോവിഡിനെ അതിെൻറ മൂര്‍ധന്യാവസ്ഥയിലെത്താതെ ചെറുക്കുകയായിരുന്നു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 0.7 ശതമാനം ആയിരുന്ന കോവിഡ് നിരക്ക് ഇപ്പോള്‍ 0.4 ശതമാനമായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. ജില്ല ആശുപത്രിയില്‍ എന്‍.എച്ച്.എം സംസ്ഥാന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2.56 കോടി രൂപ ചെലവിലാണ് നവീകരിച്ച ലേബര്‍ റൂം കോംപ്ലക്സ് നിർമിച്ചത്. ചടങ്ങിൽ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
ഓണ്‍ലൈനായി നടന്ന ഉദ്ഘാടനത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ജി. സുധാകരന്, എം.എം. മണി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്.എല്‍. സരിത തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ.കെ. രത്നകുമാരി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. നാരായണ നായ്ക്, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍കുമാര്‍, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ. രാജീവന്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലേഖ, ജില്ല ആര്.സി.എച്ച് ഓഫിസര്‍ ഡോ.ബി. സന്തോഷ്, ആര്‍ദ്രം മിഷന് അസി. നോഡല്‍ ഓഫിസര്‍ ഡോ.കെ.സി. സച്ചിന് എന്നിവര്‍ പങ്കെടുത്തു.