റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാകുന്നു
text_fieldsറെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്ന പെരിങ്ങാടി റോഡിലെ പാലം
ചൊക്ലി: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഒളവിലം പാത്തിക്കലിൽ റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാകുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ കരാർ. ഒന്നര വർഷത്തിനകം പ്രവൃത്തി പൂർത്തിയാക്കും. ചെറുകിട ജലസേചന വിഭാഗം കണ്ണൂർ ഡിവിഷനാണ് പദ്ധതിക്ക് മേൽനോട്ട ചുമതല വഹിക്കുന്നത്. 2021-22 വർഷത്തെ ബജറ്റിൽ 15 കോടി രൂപ അനുവദിച്ചിരുന്നു. പുതിയ നിരക്ക് പ്രകാരം അടങ്കൽ പുതുക്കിയതോടെ 17.20 കോടി രൂപയായി ഉയർത്തിയാണ് സാങ്കേതികാനുമതി ലഭ്യമാക്കിയത്. പള്ളിക്കുനി -പെരിങ്ങാടി റോഡിൽ പുതിയ ബൈപ്പാസ് റോഡിനടുത്തായുള്ള പഴയ പാലം പൊളിച്ചുമാറ്റിയാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുക. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ട് മീറ്റർ ഭാഗം വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള വഴിയാണ്. ഇരുഭാഗത്തുനിന്നും അപ്രോച്ച് റോഡും നിർമിക്കും.
14 മീറ്റർ നീളത്തിൽ രണ്ടര മീറ്റർ വീതിയിൽ പൂർണമായും യാന്ത്രികമായി പ്രവർത്തിക്കുന്ന സ്റ്റീൽ ഷട്ടറുകളോടുകൂടിയ റെഗുലേറ്ററാണ് സ്ഥാപിക്കുക. മൂന്നു കിലോമീറ്റർ ദൂരത്തിൽ ഇവിടേക്കുള്ള തോടുകൾ കരിങ്കല്ലുപയോഗിച്ച് ഇരുകരയും കെട്ടി ചെറിയ നടപ്പാത നിർമിക്കാനും ഈ പദ്ധതിയിൽ തുക വകയിരുത്തിരുത്തിയിട്ടുണ്ട്. റെഗുലേറ്റർ സ്ഥാപിക്കുന്നതോടെ ചൊക്ലി പഞ്ചായത്തിലെ 340 ഹെക്ടറും ന്യൂമാഹി പഞ്ചായത്തിലെ 20 ഹെക്ടറും ഭൂമി കൃഷിയോഗ്യമാക്കാൻ സാധിക്കും. വർഷങ്ങൾക്ക് മുമ്പ് നെൽകൃഷിചെയ്തിരുന്ന വയലുകൾ ഉപ്പുവെള്ളം കയറി നശിച്ചതോടെയാണ് ഇവിടെ റഗുലേറ്റർ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നത്. പുതിയ മാനദണ്ഡമനുസരിച്ച് നിലവിലുള്ള പാലത്തേക്കാൾ അൽപ്പം ഉയരം കൂടും. കണ്ടൽക്കാടുകളെ സംരക്ഷിച്ച് പ്രവൃത്തി ചെയ്യുന്നതോടെ ഈ മേഖലയിലെ കുടിവെള്ളലഭ്യതയും ഉറപ്പാക്കാനാവും. വേനൽക്കാലമായാൽ ഈ മേഖലയിൽ കിണറുകൾ വറ്റും. ആഴം കൂട്ടിയാൽ ഉപ്പുവെള്ളമാവും. റഗുലേറ്റർ വരുന്നതോടെ എല്ലാ കാലത്തും ശുദ്ധജലം ലഭ്യമാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഒളവിലം പാലാഴിതോടു വരെയുള്ള ഭാഗത്ത് ഉപ്പുവെള്ളം കയറി ഭൂമി ഉപയോഗശൂന്യമാവുന്ന സാഹചര്യത്തിലാണ് റഗുലേറ്റർ വേണമെന്ന ആവശ്യമുയർന്നത്. നാട്ടുകാർ മണ്ണുപയോഗിച്ച് കാലാകാലങ്ങളിൽ പാത്തി കുടുക്കിയാണ് ഉപ്പുവെള്ളത്തെ തടഞ്ഞത്. സമയബന്ധിതമായി ഈ പ്രവൃത്തി ചെയ്യാൻ കഴിയാതെ വന്നതിനാൽ കൃഷിനാശം സംഭവിച്ചതോടെ കർഷകർ മനം മടുത്ത് രംഗം വിടുകയായിരുന്നു. ഈ സാഹചര്യത്തിൽ റഗുലേറ്റർ വരുന്നതോടെ ഈ പ്രദേശത്തിന് വികസന മുന്നേറ്റം സാധ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

