വാഹനാപകടം ഒഴിവാക്കാൻ ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കണം
text_fieldsകണ്ണൂർ: പഴയ ദേശീയ പാതയിലടക്കമുള്ള ഡിവൈഡറുകളിൽ വാഹനാപകടങ്ങൾ ഒഴിവാക്കാൻ മതിയായ റിഫ്ലക്ടറുകൾ സ്ഥാപിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. റിഫ്ലക്ടറുകളില്ലാത്ത സ്ഥലങ്ങളുടെ വിവരം പൊലീസ് സഹായത്തോടെ ഒരാഴ്ചക്കകം പൊതുമരാമത്ത് വകുപ്പ് തയാറാക്കണം.
ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യോഗത്തിൽ ആവശ്യപ്പെട്ടു. പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കീഴിൽവരുന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നുണ്ടെന്നും മഴ മാറിയ ഉടൻ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കുമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കല്ലിക്കണ്ടി-കടവത്തൂർ-കീഴ്മാടം റോഡ്, നഗരസഭയിലെ റിങ് റോഡുകൾ എന്നിവയുടെ നിർമാണ പ്രവൃത്തികൾ സുഗമമാക്കുന്നതിന് ഇവിടെയുള്ള കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് കെ.പി. മോഹനൻ എം.എൽ.എ ആവശ്യപ്പെട്ടു. പടന്നക്കര-തലശ്ശേരി (വഴി) പള്ളിക്കുനി, മോന്താൽ-മേക്കുന്ന്-ചൊക്ലി, മഞ്ഞോടി റൂട്ടിൽ അഞ്ചുവർഷത്തേക്ക് ബസ് റൂട്ടിന് സ്ഥിരം പെർമിറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷ ആർ.ടി.ഒ യോഗത്തിൽ പരിഗണിച്ചതായും രേഖകൾ ഹാജരാക്കിയാൽ ടൈമിങ് നടത്തി പെർമിറ്റ് നൽകുമെന്നും ആർ.ടി.ഒ അറിയിച്ചു.
തലശ്ശേരി താലൂക്ക് പെരിങ്ങളം വില്ലേജ് അണിയാരം ദേശത്ത് അന്യംനിന്നുപോയ 0.2347 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. മലയോര മേഖലയിലെ ബി.എസ്.എൻ.എൽ മൊബൈൽ കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ യു.എസ്.ഒ.എഫ് ഫോർ ജി സാച്ചുറേഷൻ പ്രോജക്ട് വഴി ടവർ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ജന. മാനേജർ അറിയിച്ചു.
ഗ്രാമപ്രദേശങ്ങളിലെ കവറേജ് വർധിപ്പിക്കാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 24 പുതിയ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. 17 പുതിയ ടവറുകൾകൂടി സ്ഥാപിക്കാൻ ഉന്നത സമിതിക്ക് നൽകിയ പ്രപ്പോസൽ പരിഗണനയിലാണെന്നും മാനേജർ പറഞ്ഞു. കൊട്ടിയൂർ ശിവക്ഷേത്രത്തിലെ ഉത്സവ സമയത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക്, അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ സൗകര്യം വർധിപ്പിക്കൽ എന്നിവക്കുള്ള പരിഹാരമായി വിവിധ വകുപ്പുകളിൽനിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാറിലേക്ക് സമർപ്പിക്കാനായി അന്തിമ കരട് ആക്ഷൻ പ്ലാൻ തയാറാക്കിയതായി സബ് കലക്ടർ അറിയിച്ചു.
പയ്യന്നൂർ നിയമസഭ മണ്ഡലത്തിൽ ജൽജീവൻ മിഷൻ, ടെലിഫോൺ കമ്പനികൾ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എടുത്ത കുഴികൾ മൂടിയ റോഡുകൾ നന്നാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. യോഗത്തിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രഹി അധ്യക്ഷവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ എം.എൽ.എ, എ.ഡി.എം കല ഭാസ്കർ, ജില്ല പ്ലാനിങ് ഓഫിസർ നെനോജ് മേപ്പടിയത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

