അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രം പുനർനിർമാണം ഇഴയുന്നു
text_fieldsഅഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രം
അഴീക്കോട്: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം 2022 ആഗസ്റ്റ് എട്ടിനാണ് പൊളിച്ചുനീക്കിയത്. ഒരു വർഷത്തിനകം ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു അമ്പത് വർഷത്തിലേറെ പഴക്കമുള്ള, തകർച്ചാവസ്ഥയിലായ കെട്ടിടം പൊളിച്ചത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാതിരുന്നതോടെ പ്രദേശവാസികളുടെ ആശങ്ക വർധിക്കുകയാണ്.
കെട്ടിടം പൊളിച്ചതിന് ശേഷം ആശുപത്രിയുടെ പ്രവർത്തനം സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റിയതോടെ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്നാണ് പരാതി. ഇതിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നിരവധി സമരപരിപാടികളും ആശുപത്രി പരിസരത്ത് സംഘടിപ്പിച്ചിരുന്നു. പഴയ കെട്ടിടം നീക്കിയതിനു പിന്നാലെയാണ് വിവിധ നിയമ സാങ്കേതിക തടസ്സങ്ങൾ തലപൊക്കിയത്. ആശുപത്രിക്ക് സമീപം കുളം നിലനിൽക്കുന്നതാണ് ആദ്യത്തെ തടസമായി ഉയർന്നത്.
എന്നാൽ വിശദമായ പഠനത്തിനും വിദഗ്ധരുടെ പരിശോധനക്കും ശേഷം ഈ തടസ്സം നീങ്ങി. തുടർന്ന്, പുതിയ കെട്ടിടത്തിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് മുമ്പ് മണ്ണ് പരിശോധന നിർബന്ധമാണെന്ന് വിദഗ്ധർ നിർദേശിക്കുകയും പരിശോധന പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റിന് ഗ്രാമപഞ്ചായത്തിന്റെ അംഗീകാരം ലഭിക്കാത്തതും നിർമാണം വൈകാൻ കാരണമായതായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. എല്ലാ തടസ്സങ്ങളും പരിഹരിച്ചിട്ടും തറക്കല്ലിടൽ ഇനിയും നടന്നിട്ടില്ല. ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തി തുടങ്ങിയില്ല. അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനായി സർക്കാർ നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പഴയ കെട്ടിടത്തിന്റെ സ്ഥലത്തുതന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ നാലുനില കെട്ടിടം നിർമിക്കാനാണ് പദ്ധതി. അടിത്തറയിൽ വാഹന പാർക്കിങ് സൗകര്യവും ഒരുക്കും. എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, ജില്ല മെഡിക്കൽ ഓഫിസർ, എൻ.എച്ച്.എം പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാറിന് സമർപ്പിച്ച പ്രൊപ്പോസൽ പരിഗണിച്ചാണ് ഫണ്ട് അനുവദിച്ചത്. അഴീക്കോട് എം.എൽ.എ കെ.വി. സുമേഷിന്റെ ഇടപെടലിലൂടെയാണ് കഴിഞ്ഞ സെപ്റ്റംബറിൽ നാല് കോടി രൂപ അനുവദിച്ചത്. ഇതിനുപുറമെ എം.എൽ.എ ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ചേർത്ത് ഒന്നര കോടി രൂപകൂടി വിനിയോഗിക്കുമെന്നും എം.എൽ.എ അറിയിച്ചിരുന്നു.
ഇനി കാത്തിരിക്കുന്നത് തറക്കല്ലിടൽ
സർക്കാർ നേരിട്ട് അധികാരപ്പെടുത്തിയ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡാണ് നിർമാണ ഏജൻസി. പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ നടപടിക്രമങ്ങളും ഫണ്ടും ലഭിച്ചതായി മുൻ ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും എം.എൽ.എയും ചേർന്ന് അടിയന്തര തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരു തടസ്സമായിരുന്നെങ്കിൽ, ഇനി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വീണ്ടും നിർമാണം വൈകാൻ കാരണമാകുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. അഴീക്കോട് എം.എൽ.എ ഏറ്റെടുത്ത മറ്റു വികസന പദ്ധതികൾ കാലതാമസം കൂടാതെ നടപ്പാക്കിയ സാഹചര്യത്തിൽ, സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം മാത്രം ഇങ്ങനെ നീളുന്നതെന്തെന്ന ചോദ്യം പൊതുജനത്തിൽ ശക്തമായ ചർച്ചയായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

