വിലയിടിവില്‍ വലഞ്ഞ് റംബുട്ടാന് കര്‍ഷകർ; ലോക്ഡൗണും പ്രതികൂല കാലാവസ്ഥയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി
text_fieldsവിളവെടുപ്പിന് പാകമായ റംബുട്ടാന് മരത്തിനു ചുവട്ടില്‍ കര്‍ഷകനായ തിരുമേനിയിലെ പള്ളിപ്പുറത്തുകുന്നേല്‍ അഗസ്റ്റിന്
ചെറുപുഴ: ലോക്ഡൗണും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായതോടെ നാണ്യവിളകള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന പഴങ്ങള്‍ വിളയിച്ച് വരുമാനം കണ്ടെത്തിയിരുന്ന കര്‍ഷകരും പ്രതിസന്ധിയിൽ. വിപണിയില്‍ മികച്ച വിലയുണ്ടായിരുന്ന റംബുട്ടാന് കൃഷി ചെയ്തിരുന്നവരാണ് ഇപ്പോള്‍ വിലയിടിവിെൻറ നഷ്ടം നേരിടുന്നത്.
പരമ്പരാഗത നാണ്യവിളകള്‍ കൃഷി ചെയ്തു കൊണ്ടിരുന്ന മലയോരത്തെ കര്‍ഷകരില്‍ പലരും വ്യത്യസ്തമായ കൃഷിരീതികളിലേക്ക് ചുവടുമാറ്റിയിട്ട് വര്ഷങ്ങെള ആയുള്ളൂ. അത്തരത്തില്‍ പുതുവിള കൃഷി സ്വീകരിച്ചവരാണ് മലയോരത്തെ റംബുട്ടാന് കര്‍ഷകര്‍. അടുത്തകാലം വരെ റംബുട്ടാന് വിപണിയില്‍ മികച്ച വില ലഭിച്ചിരുന്നു.
എന്നാല്‍, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്ഡൗണുകളും അപ്രതീക്ഷിതമായ മഴയും റംബുട്ടാെൻറ വിളവെടുപ്പിനും വില്പനക്കും വിഘാതമായെന്നു കര്‍ഷകനായ പള്ളിപ്പുറത്തുകുന്നേല്‍ അഗസ്റ്റിന് പറയുന്നു. റംബുട്ടാെൻറ വിളവെടുപ്പു സമയമാണ് മേയ്, ജൂണ്‍ മാസങ്ങള്‍. വിപണിയില്‍ 300 രൂപ വരെ വിലയുള്ള റംബുട്ടാന് പഴങ്ങള്‍ക്ക് കിലോക്ക് 200 രൂപയിലധികം കര്‍ഷകര്‍ക്കും ലഭിക്കാറുണ്ടായിരുന്നു. ഇത്തവണ വിളവെടുപ്പ് സമയത്തു തന്നെ ലോക്ഡൗണ്‍ വന്ന് കടകള്‍ അടച്ചിട്ടു. പിന്നാലെ കനത്ത മഴയുമെത്തി. ഇതോടെ റംബുട്ടാന് പഴങ്ങള്‍ പാകമാകാതെ നശിച്ചുപോകുകയാണ്. കച്ചവടക്കാര്‍ എടുക്കാന്‍ തയാറാകാത്തതിനാല്‍ പഴങ്ങള്‍ പറിച്ചു സൂക്ഷിക്കാനും കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കാര്‍ഷിക രംഗത്ത് മാറ്റങ്ങളാഗ്രഹിച്ച് റംബുട്ടാന് പോലുള്ള പുതുവിളകള്‍ പരീക്ഷിച്ച കര്‍ഷകര്‍ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ്.