മഴക്കെടുതി; കുടുംബങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റും
text_fieldsപേരാവൂർ നെടുമ്പ്രംചാൽ ഹെൽത്ത് സെന്ററിനു സമീപം ഉരുൾപൊട്ടിയ നിലയിൽ
കണ്ണൂർ: ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ മരിച്ച സാഹചര്യത്തിൽ അപകടസാധ്യത മേഖലകളിൽനിന്ന് ജനങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ നിർദേശം നൽകി. ഇതിന് തദ്ദേശസ്ഥാപനങ്ങളും റവന്യൂവകുപ്പ് അധികൃതരും നേതൃത്വം നൽകും.
ഉരുൾപൊട്ടി ഗതാഗതം പൂർണമായി നിർത്തിവെച്ച നിടുംപൊയിൽ -മാനന്തവാടി റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കണ്ണൂർ, വയനാട് പൊതുമരാമത്ത് വകുപ്പുകൾ സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുകയാണ്. ചന്ദ്രൻ തോടിന് താഴെ മൂന്ന് കിലോമീറ്ററോളം റോഡാണ് മണ്ണിടിച്ചിലിൽ തകർന്നത്. മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ഭാഗികമായെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ആഗസ്റ്റ് ഏഴുവരെ നിർത്തിവെക്കാനും യോഗം തീരുമാനിച്ചു. ഉരുൾപൊട്ടൽ നാശംവിതച്ച ദുരന്തമേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്താൻ റൂറൽ ജില്ല പൊലീസ് മേധാവിക്ക് മന്ത്രി നിർദേശം നൽകി. സന്ദർശകപ്രവാഹം അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവർത്തനത്തേയും ദുരന്തനിവാരണ പ്രവർത്തനങ്ങളേയും ബാധിക്കുന്നുണ്ട്. വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ചുനൽകാൻ ആവശ്യമെങ്കിൽ സമൂഹ അടുക്കള ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കനത്ത മഴയിൽ ഒറ്റപ്പെടുന്ന ആദിവാസി കോളനികൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ആവശ്യത്തിന് ഭക്ഷണവും മറ്റും എത്തിക്കാനും പട്ടികവർഗ വികസനവകുപ്പിനും റവന്യൂവകുപ്പിനും നിർദേശം നൽകി.
അടിയന്തരഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ ദുരിതാശ്വാസ ക്യാമ്പിനുള്ള സംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർണസജ്ജമാക്കി നിർത്തണം. കൺട്രോൾ റൂം സംവിധാനവും ഒരുക്കണം. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കി ധനസഹായം ലഭ്യമാക്കാൻ പ്രത്യേക റവന്യൂ സംഘങ്ങളെ നിയോഗിക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഥാസമയം ഇടപെടാൻ പ്രാദേശിക തലങ്ങളിൽ യോഗങ്ങൾചേർന്ന് ദുരന്തനിവാരണ നടപടികൾ കൈക്കൊള്ളാനും നിർദേശം നൽകി.
പൂർണസജ്ജമായി ആരോഗ്യവകുപ്പ്, ജില്ല മെഡിക്കൽ ഓഫിസിൽ കൺട്രോൾ റൂം
കണ്ണൂർ: മഴക്കെടുതി കാരണം ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ ലഘൂകരിക്കാനായി ജില്ല ആരോഗ്യവകുപ്പ് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. പ്രകൃതിദുരന്തത്തെ നേരിടാൻ ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും സജ്ജമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം.
പനി ലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷണത്തിലാക്കണം. എല്ലാ ക്യാമ്പുകളിലും അത്യാവശ്യ പ്രതിരോധ സാമഗ്രികൾ, മരുന്നുകൾ, ബ്ലീച്ചിങ് പൗഡർ, എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം.
ഈ കാലയളവിൽ പാമ്പുകടി ഏൽക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതപാലിക്കണം. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അടിയന്തരമായി വൈദ്യസഹായം തേടണം. ജലജന്യരോഗങ്ങൾ തടയാൻ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ ചെയ്യുന്നതിനൊപ്പം കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം. കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രതപാലിക്കണം. ജില്ലതല മാനസിക ആരോഗ്യവിഭാഗത്തിന്റെ സേവനവും ലഭ്യമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ല മെഡിക്കൽ ഓഫിസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. ഫോൺ: 0497 2713437.
മഴക്കെടുതി
ഇരിട്ടി: തിമിർത്തുപെയ്യുന്ന കനത്തമഴയിൽ ഭീതിയിലായി ഇരിട്ടിയുടെ മലയോരമേഖല. കനത്തമഴയിൽ കൊട്ടിയൂർ, കണിച്ചാർ മേഖലയിൽ ഉരുൾപൊട്ടലിനെ തുടർന്നുള്ള ദുരന്തവും കൂടിയായതോടെ തിമിർത്തുപെയ്യുന്ന കനത്തമഴ തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് മലയോരജനത. നിരവധി ക്വാറികൾ പ്രവർത്തിച്ചുവന്നിരുന്ന മലയോരം കടുത്ത ഭീതിയിലാണ്. കാലാകാലങ്ങളായി അയ്യങ്കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ, വാളത്തോട്, എടപ്പുഴ, പാറയ്ക്കാപ്പാറ, അങ്ങാടിക്കടവ് മേഖലകളിലും ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ, കോളിത്തട്ട്, അറബി, കാലാങ്കി പ്രദേശങ്ങളിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന ഭാഗങ്ങളിലുമാണ് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നത്. മാക്കൂട്ടം വനമേഖലകളിലും ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിലും ചൊവ്വാഴ്ച രാവിലെ മുതൽ കനത്തമഴ തുടരുകയാണ്. വനമേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ബാവലി, ബാരാപോൾ പുഴകളിൽ നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഉളിക്കൽ പഞ്ചായത്തിലെ അറബി, കോളിത്തട്, മാട്ടറ, പേരട്ട ഭാഗങ്ങളിലും സമാന സാഹചര്യം ഉണ്ടായതിനാൽ ഇവിടങ്ങളെല്ലാം റവന്യൂസംഘത്തിന്റെ നിരീക്ഷണത്തിലാണ്. പ്രധാന പുഴകളിലേക്ക് ഒഴുകിയെത്തുന്ന ചെറുതോടുകളും അരുവികളും കവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്കഭീഷണിയിലാണ്.