കാലവർഷക്കെടുതി, തീരാതെ ദുരിതം
text_fieldsകണ്ണൂർ താണ മുഴത്തടം ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ ബാബുരാജിന്റെ കാർ തെങ്ങ് വീണ് തകർന്ന നിലയിൽ
കണ്ണൂർ: ജില്ലയിൽ കാലവർഷക്കെടുതി തുടരുന്നു. ഒരുവീട് പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. പയ്യന്നൂർ താലൂക്ക് പെരിങ്ങോം വില്ലേജിൽ എ.ജി. ഇന്ദിരയുടെ വീട് പൂർണമായും തകർന്നു. പാണപ്പുഴ വില്ലേജ് പറവൂരിലെ ശൈലജയുടെയും വയക്കര വില്ലേജിൽ വെമ്പിരിഞ്ഞൻ കുഞ്ഞികൃഷ്ണന്റെയും വീട് മരം വീണ് ഭാഗികമായി തകർന്നു.
തലശ്ശേരി താലൂക്ക് കണ്ണവം വില്ലേജിലെ ലീലയുടെയും കണ്ണൂർ താലൂക്ക് എളയാവൂർ വില്ലേജിലെ പരപ്പിൽമൊട്ടയിൽ ഉഷയുടെയും വീടും ഭാഗികമായി തകർന്നു. ഉഷയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ താണ മുഴത്തടം ഗവ യു.പി സ്കൂൾ പ്രധാനാധ്യാപകൻ ബാബുരാജിന്റെ കാർ കനത്ത കാറ്റിലും മഴയിലും തെങ്ങുവീണ് തകർന്നു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജൂലൈ 17 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതിജാഗ്രത പാലിക്കണം.
കൂടാതെ കർണാടക തീരത്ത് ജൂലൈ 16 വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
മഴയിൽ വീട് തകർന്നു
കൂത്തുപറമ്പ്: കനത്ത മഴയിൽ വേങ്ങാട് പഞ്ചായത്തിലെ പാതിരിയാട്ട് വീട് തകർന്നു. കുന്നത്തെപ്പൊയിൽ ബി.കെ. ഐസുവിന്റെ വീടാണ് പൂർണമായും തകർന്നത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിന് സമീപത്തുള്ള വീട് തകർന്നത്.
വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ തറ ഉൾപ്പെടെ പിളർന്നിട്ടുണ്ട്. വില്ലേജ് ഓഫിസർ സ്ഥലത്തെത്തി പരിശോധന നടത്തി.