തളിപ്പറമ്പിലെ റെയിൽവേ ടിക്കറ്റ് കൗണ്ടർ പൂട്ടി; ഉപകരണങ്ങൾ എടുക്കാനെത്തിയവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു
text_fieldsറെയിൽവേ ടിക്കറ്റ് കൗണ്ടറിലെ ഉപകരണങ്ങൾ എടുക്കാനെത്തിയ ഉദ്യോഗസ്ഥരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുന്നു
തളിപ്പറമ്പ്: താലൂക്ക് ഓഫിസിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ പൂട്ടി. ഉപകരണങ്ങൾ തിരിച്ചെടുക്കാനെത്തിയവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. റെയിൽവേ പാലക്കാട് ഡിവിഷൻ സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജറിൽനിന്നുള്ള തുടർ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് കൗണ്ടർ പൂട്ടേണ്ടിവന്നത്. 2013 മുതൽ താലൂക്ക് ഓഫിസിൽ പ്രവർത്തിച്ചുവരുന്ന ഈ കൗണ്ടർ 100 റിസർവേഷൻ ദിവസേന ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് പൂട്ടുന്നത്. കഴിഞ്ഞ മാസം 10ന് തഹസിൽദാർ നൽകിയ തുടർ അനുമതി അപേക്ഷ പരിഗണിക്കാതെയാണ് അടച്ചുപൂട്ടാൻ ഒരുങ്ങിയത്.
ശനിയാഴ്ച രാവിലെ 11ഓടെ ഇവിടുത്തെ ഉപകരണങ്ങളെടുക്കാനെത്തിയവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. സ്ഥലത്തെത്തിയ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ കെ. സുധാകരൻ എം.പിയുമായി ബന്ധപ്പെട്ടതിനെതുടർന്ന് എം.പി റെയിൽവേ മന്ത്രിക്ക് കേന്ദ്രം തുടർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. 2013ൽ കെ. സുധാകരൻ എം.പി ഇടപെട്ടാണ് തളിപ്പറമ്പ് താലൂക്ക് ഓഫിസിൽ റിസർവേഷൻ കേന്ദ്രം ആരംഭിച്ചത്.
തളിപ്പറമ്പിലും മലയോര മേഖലകളും ഉൾപ്പെട്ട സമീപപ്രദേശങ്ങളിലെ ജനങ്ങൾക്കും ഇവിടങ്ങളിൽ താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്കും ഏറെ ആശ്വാസമായിരുന്നു ഈ ടിക്കറ്റ് കൗണ്ടർ. പ്രതിഷേധത്തെതുടർന്ന് സാധനങ്ങളെടുക്കാതെ ഉദ്യോഗസ്ഥർ തിരിച്ചുപോയി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. രാഹുൽ, പ്രജീഷ് കൃഷ്ണ, എസ്. ഇർഷാദ്, വരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. ടിക്കറ്റ് കൗണ്ടർ എം.പിയുടെ ഇടപെടലോടെ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കല്ലിങ്കീൽ പത്മനാഭൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

