തലശ്ശേരി ടെമ്പിൾ ഗേറ്റിനടുത്ത് പാളത്തിൽ വിള്ളൽ
text_fieldsതലശ്ശേരി ടെമ്പിൾ ഗേറ്റിന് സമീപം റെയിൽപാളത്തിലുണ്ടായ
വിള്ളൽ
തലശ്ശേരി: ജഗന്നാഥ ടെമ്പിൾ റെയിൽവേ ഗേറ്റിന് സമീപം പാളത്തിൽ വിള്ളൽ. ഷൊർണൂർ ഭാഗത്തേക്കുള്ള പാളത്തിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് വിള്ളൽ കണ്ടെത്തിയത്. പാളത്തിനടുത്തു കൂടി സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്ന യാത്രക്കാരൻ പാളം പൊട്ടിയത് കണ്ട് റെയിൽവേ അധികൃതരെ അറിയിക്കുകയായിരുന്നു.
തലശ്ശേരിയിൽനിന്നു റെയിൽവേ പൊലീസും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും എത്തി പരിശോധിച്ചു. ഈ സമയം കടന്നുപോകേണ്ടിയിരുന്ന മംഗലാപുരം-കോഴിക്കോട് പാസഞ്ചർ ഏതാനും മിനിട്ട് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു. പാളം കൂട്ടിയോജിപ്പിച്ച ശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്.കഴിഞ്ഞ ദിവസം കണ്ണൂരിനടുത്തും കാസർകോട് ജില്ലയിലെ ചെറുവത്തൂരിനടുത്തും പാളത്തിൽ കരിങ്കല്ലുകൾ കാണപ്പെട്ട സാഹചര്യത്തിൽ തലശ്ശേരിയിലെ വിള്ളലിനെപ്പറ്റി ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ, ടെമ്പിൾ ഗേറ്റിനടുത്ത് പാളത്തിൽ പൊട്ടലുണ്ടായത് അട്ടിമറിയല്ലെന്നും കാലപ്പഴക്കത്താൽ സംഭവിച്ചതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പഴകിയ റെയിലുകൾ ഉടൻ മാറ്റണമെന്ന് പരിശോധന നടത്തുന്ന മെയിന്റനൻസ് വിഭാഗം നേരത്തെതന്നെ ഉന്നതരെ അറിയിച്ചിരുന്നു.