കോൺഗ്രസ് ഭവൻ ഉദ്ഘാടനം ഇന്ന് രാഹുൽ ഗാന്ധി നിർവഹിക്കും
text_fieldsകണ്ണൂർ: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻ വ്യാഴാഴ്ച എ.ഐ.സി.സി മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാജ്യത്തുതന്നെ രണ്ടാമത്തെ വലിയ കോൺഗ്രസ് ആസ്ഥാന മന്ദിരമാണ് തളാപ്പ് പാമ്പൻ മാധവൻ റോഡിൽ യാഥാർഥ്യമാകുന്നത്.
അന്തരിച്ച മുൻ ഡി.സി.സി പ്രസിഡൻറ് കെ. സുരേന്ദ്രെൻറ നേതൃത്വത്തിൽ അടിത്തറയും താഴത്തെ നിലയുടെ നിർമാണപ്രവർത്തനങ്ങളുടെ രൂപകൽപനയും പൂർത്തീകരിച്ചിരുന്നു. 6500 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്നു നിലകളുള്ള കെട്ടിടത്തിെൻറ രണ്ടു നിലകളുടെ നിർമാണപ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായത്. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
താഴത്തെനിലയിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള കോൺഫറൻസ് ഹാളും വാർത്തസമ്മേളനത്തിന് സൗകര്യപ്രദമായ ആധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാ പോഷക സംഘടനകളുടെയും ഓഫിസുകൾ പ്രവർത്തിക്കാൻ സൗകര്യപ്രദമായ മുറികളും നവമാധ്യമ ഇടപെടലുകൾക്കും മറ്റ് ഐ.ടി സംബന്ധമായ ആവശ്യങ്ങൾക്കും ഉപകരിക്കുന്ന പ്രത്യേക സൗകര്യങ്ങളോടുകൂടിയ മുറികളും സജ്ജീകരിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. സുധാകരന് ക്യാമ്പ് സൗകര്യം ഒരുക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഓഫിസ് റൂമും ഡി.സി.സി അധ്യക്ഷെൻറ ഓഫിസ് മുറികളും താഴത്തെനിലയിൽ പ്രവർത്തിക്കും. കെ. സുധാകരൻ മുൻകൈയെടുത്താണ് ഹൈടെക് ഓഫിസ് യാഥാർഥ്യമാക്കിയത്.
രാവിലെ 10.30നാണ് രാഹുൽ ഗാന്ധി എം.പി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുക. കോവിഡ് ചട്ടം പാലിച്ച് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യംവഹിക്കാൻ ജില്ലയിലെ മുതിർന്ന പ്രധാന പാർട്ടി ഭാരവാഹികൾ മാത്രമാണ് പങ്കെടുക്കുന്നത്. പ്രത്യേക പാസ് മുഖേന പങ്കാളിത്തം ക്രമീകരിച്ചിട്ടുണ്ട്.
ജില്ലയിലെ മുഴുവൻ കോൺഗ്രസ് ഓഫിസുകളിൽനിന്നും തത്സമയം ഉദ്ഘാടന നടപടി വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പ്രാദേശിക തലത്തിൽ വിവിധ കമ്മിറ്റികൾ പൂർത്തീകരിച്ചിട്ടുണ്ട്.
എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ എം.പി, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി. തോമസ് എം.എൽ.എ, എം.കെ. രാഘവൻ എം.പി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മുതിർന്ന നേതാക്കളായ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരും ഓൺലൈനായി ചടങ്ങിൽ സംബന്ധിക്കും.