രാഘവൻ വൈദ്യരുടെ വേർപാട്; ഓർമയാകുന്നത് പാർട്ടിക്ക് കരുത്തും ആവേശവുമായ നേതാവ്
text_fieldsരാഘവൻ വൈദ്യരുടെ വേർപാടിൽ സി.പി.ഐ സംസ്ഥാന എക്സി. അംഗങ്ങളായ സി.എൻ. ചന്ദ്രൻ, സി.പി. മുരളി, ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാർ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിക്കുന്നു
പേരാവൂർ: മണത്തണയിലെ രാഘവൻ വൈദ്യരുടെ വേർപാട്. ഓർമയാകുന്നത് പാർട്ടിക്ക് കരുത്തും ആവേശവുമായിരുന്ന നേതാവിനെ. മുതിർന്ന സി.പി.ഐ നേതാവും പേരാവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായിരുന്ന മണത്തണ സീനാ നിവാസിലെ വി.കെ.രാഘവൻ വൈദ്യർ(84) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ചികിത്സകനും ഗുരുവും മാത്രമല്ല, സാമൂഹിക പ്രവർത്തകനും ജനനേതാവുമായിരുന്നു അദ്ദേഹം. സ്കൂൾ വികസനം, പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകൽ, ഗ്രാമീണ റോഡുകളുടെ നിർമാണം, മണത്തണ പുതിയകുളത്തിന്റെ പുനർനിർമാണം തുടങ്ങി അനേകം പൊതുപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ പങ്കാളിയായി. മണത്തണ ഹൈസ്കൂളിന്റെ പി.ടി.എ പ്രസിഡന്റായും പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും ഔഷധി ഡയറക്ടറായും വിവിധ മേഖലകളിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ചു.
കളരിപ്പയറ്റിനും മർമചികിത്സക്കും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തെ ആദരിച്ചത്, ഒരു വ്യക്തിക്കുള്ള അംഗീകാരം മാത്രമല്ല ജീവിതം മുഴുവൻ ജനങ്ങൾക്കായി സമർപ്പിച്ച ഒരു മഹത്തായ സേവനത്തിനുള്ള ആദരവുമാണ്.
1970-ൽ തലശ്ശേരി പൊന്ന്യത്ത് നിന്ന് മണത്തണയിലെത്തി മർമ ചികിത്സാലയം ആരംഭിച്ച അദ്ദേഹം, ചികിത്സയെ ജനസേവനമായി ഏറ്റെടുത്തു. എല്ലുപൊട്ടൽ, മർമചികിത്സ, തിരുമൽ തുടങ്ങി നിരവധി ചികിത്സാരീതികളിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമേകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അദ്ദേഹത്തിന്റെ ചികിത്സാലയവും വീടും എന്നും ഒരു ആശ്രയകേന്ദ്രമായിരുന്നു.
പാരമ്പര്യ വൈദ്യവിദ്യയിൽ പ്രാവീണ്യം നേടിയ രാഘവൻ വൈദ്യർ, കളരിപ്പയറ്റിന്റെയും ഗുസ്തിയുടെയും ജിംനാസ്റ്റിക്കിന്റെയും മികച്ച ഗുരുവുമായിരുന്നു. 1971-ൽ മണത്തണയിൽ ആരംഭിച്ച കളരി പരിശീലനം പിന്നീട് മണത്തണ ഫിസിക്കൽ & കൾച്ചറൽ സൊസൈറ്റിയായി വളർന്ന് കണ്ണൂർ ജില്ലയിലെ പ്രമുഖ പരിശീലനകേന്ദ്രമായി മാറി. സംസ്ഥാന, ജില്ല തലങ്ങളിൽ നിരവധി ചാമ്പ്യന്മാരെ വാർത്തെടുത്ത ഗുരുവെന്ന അഭിമാനവും അദ്ദേഹത്തിനുണ്ട്.
ആധുനിക മണത്തണയുടെ ചരിത്രം പറയുമ്പോൾ വി. കെ. രാഘവൻ വൈദ്യരുടെ പേര് ഒഴിവാക്കാനാവില്ല. ചികിത്സയിലൂടെ ശരീരങ്ങളെയും കളരിയിലൂടെ യുവത്വത്തെയും സാമൂഹിക സേവനത്തിലൂടെ ഒരു നാടിനെയും ശക്തിപ്പെടുത്തിയ അദ്ദേഹം മണത്തണയുടെ അഭിമാനമാണ്.
ഒരു കാലഘട്ടത്തിന്റെ ജീവിക്കുന്ന ചരിത്രം തന്നെയായിരുന്നു. വി കെ രാഘവൻ വൈദ്യരുടെ നിര്യാണത്തിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ,പന്ന്യൻ രവീന്ദ്രൻ,സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ സെക്രട്ടറിയറ്റ് അംഗം ആനി രാജ, പി. സന്തോഷ് കുമാർ എം.പി അനുശോചനം അറിയിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. രാഘവൻ വൈദ്യരോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച രാവിലെ 11മണി വരെ മണത്തണയിൽ കടകളച്ച് ഹർത്താൽ ആചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

