തീവ്ര വോട്ടർപട്ടിക പരിഷ്കരണം, അർഹരായ ഒരാളും പുറത്താകില്ല -എം.ജി. രാജമാണിക്യം
text_fieldsജില്ലയിലെ എം.എൽ.എമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുമായി റവന്യു സെക്രട്ടറിയും വോട്ടർ പട്ടിക നിരീക്ഷകനുമായ എം.ജി. രാജമാണിക്യം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ
നടത്തിയ ചർച്ച
കണ്ണൂർ: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ കരട് പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് കരുതി അർഹരായ ഒരാൾ പോലും വോട്ടർ പട്ടികയിൽനിന്ന് പുറത്താകില്ലെന്ന് റവന്യൂ സെക്രട്ടറിയും വോട്ടർ പട്ടിക നിരീക്ഷകനുമായ എം.ജി. രാജമാണിക്യം. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എം.എൽ.എമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) സംബന്ധിച്ച് നിരവധി ആശങ്കകൾ ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. ഇവ അടിസ്ഥാനരഹിതമാണ്. ബൂത്ത് ലെവൽ ഓഫിസർമാർ നൽകിയ ഫോമുകൾ കൃത്യമായി പൂരിപ്പിച്ച് തിരികെ നൽകാത്തവർ, വിവരങ്ങൾ കൃത്യമായി നൽകാൻ കഴിയാത്തവർ എന്നിങ്ങനെയുള്ളവരാണ് കരട് പട്ടികയിൽ ഉൾപ്പെടാതെ പോയത്. ഹിയറിങ്ങിനു വിളിച്ച് മതിയായ രേഖകൾ ഹാജരാക്കുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തും. പ്രവാസികൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയാൽ ബന്ധുക്കൾക്ക് ഹിയറിങ്ങിനു ഹാജരാകാം. കൂടാതെ കിടപ്പുരോഗികളായവർക്ക് പകരം ബന്ധുക്കൾ ഹിയറിങ്ങിന് ഹാജരായാലും മതിയാകും-അദ്ദേഹം പറഞ്ഞു.
സ്ഥലത്തില്ലാത്തവർ, സ്ഥലംമാറിപ്പോയവർ, മരിച്ചവർ എന്നിവരുടെ എണ്ണം ജില്ലയുടെ ശരാശരിയേക്കാൾ കൂടിയ മണ്ഡലങ്ങളിലെ വോട്ടർപട്ടിക പുതുക്കൽ നടപടിക്രമങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മണ്ഡലത്തിൽ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം കൂടുതലാണെന്നും ഇതിൽ വിശദ പരിശോധന വേണമെന്നും കെ.വി. സുമേഷ് എം.എൽ.എ നിർദേശിച്ചു. പോളിങ് സ്റ്റേഷനുകളുടെ ക്രമീകരണത്തിൽ വോട്ടർമാരുടെ സൗകര്യം കൂടി പരിഗണിക്കണമെന്ന് കെ.പി. മോഹനൻ എം.എൽ.എ ആവശ്യപ്പെട്ടു.
ഒരുവീട്ടിലെ മുഴുവൻ വോട്ടർമാരുടെയും പേരുകൾക്ക് അടുത്തടുത്ത ക്രമനമ്പറുകൾ നൽകുക, പുതുതായി വോട്ട് ചേർക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റ് കൂടുതൽ കാര്യക്ഷമമാക്കുക, നോ മാപ്പിങ് പട്ടിക ബി.എൽ.എമാർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കുക, പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക, ആറളം ഫാം ഉൾപ്പെടെ കൂടുതൽ ആളുകൾ ഹിയറിങ്ങിനു ഹാജരാകേണ്ട ഇടങ്ങളിൽ ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇതിനുള്ള സംവിധാനം ഒരുക്കുക, ഫ്ലറ്റുകൾ, അന്തർസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൂട്ടത്തോടെ വോട്ട് ചേർക്കാനുള്ള നീക്കങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങളും രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉന്നയിച്ചു.
ജില്ല കലക്ടർ അരുൺ. കെ. വിജയൻ, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കലക്ടർ എഹ്തെദ മുഫസിർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കെ.കെ. ബിനി, ഡെപ്യൂട്ടി കലക്ടർമാരായ കെ.എസ്. അനീഷ്, കെ.വി. ശ്രുതി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

