മിന്നൽ പരിശോധനയിൽ ക്വിന്റൽ പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി
text_fieldsഇരിട്ടി: തദ്ദേശ വകുപ്പ് ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് ഇരിട്ടി നഗരസഭ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ക്വിൻറൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കളും 35 കുപ്പികൾ വീതമുള്ള 56 കേയ്സ് നിരോധിത 300 മില്ലി വെള്ളക്കുപ്പികളും പിടിച്ചെടുത്തു. ഇരിട്ടി നേരമ്പോക്ക് റോഡിലെ സി.കെ. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സി.കെ സ്റ്റോറിൽനിന്നാണ് നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളും പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ വാഴയിലകളും പ്ലാസ്റ്റിക് സ്പൂണുകളും സ്ക്വാഡ് പിടിച്ചെടുത്തത്. പകുതിയോളം കാരിബാഗുകളുടെ കവറിന് പുറത്ത് തെറ്റിദ്ധരിപ്പിക്കാൻ പാക്കേജിങ് കവർ എന്ന് പ്രിൻറ് ചെയ്തതായി സ്ക്വാഡ് കണ്ടെത്തി.
ഇരിട്ടി പയഞ്ചേരി മുക്കിലെ ഗോഡൗണിൽനിന്നാണ് വാഹനങ്ങളിൽ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചുവെച്ച നിരോധിത 300 മില്ലിയുടെ വെള്ളക്കുപ്പികൾ കണ്ടെടുത്തത്. ഇവ മലപ്പുറം ജില്ലയിൽ നിർമിച്ച് ഏജൻസികൾ വഴി വിതരണത്തിന് എത്തിക്കുന്നതാണ്. രണ്ട് കേസുകളിലും 10,000 രൂപ വീതം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ഇരിട്ടി നഗരസഭക്ക് സ്ക്വാഡ് നിർദേശം നൽകി. പിടിച്ചെടുത്ത സാധനങ്ങൾ നഗരസഭയുടെ എം.സി.എഫിലേക്ക് മാറ്റി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എം. ലജി, കെ.ആർ. അജയകുമാർ, ശരീകുൽ അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്നശ്രീ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

