ചിറക്കലിൽ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം
text_fieldsചിറക്കൽ കീരിയാട് സെഞ്ചുറി പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേന അണക്കുന്നു
പുതിയതെരു: ചിറക്കൽ കീരിയാട് സെഞ്ചുറി പ്ലൈവുഡ് ഫാക്ടറിയിൽ വ്യാഴാഴ്ച വൻ തീപിടിത്തം. പുലർച്ച നാലുമണിയോടെയുണ്ടായ അപകടത്തിൽ കോടികളുടെ നഷ്ടം. കണ്ണൂർ റീജനൽ ഫയർ ഓഫിസർ പി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുള്ള മൂന്ന് യൂനിറ്റുകളും തലശ്ശേരി, തളിപ്പറമ്പ സ്റ്റേഷനുകളിൽ നിന്നുള്ള രണ്ട് വീതം യൂനിറ്റുകളും അടങ്ങുന്ന ഏഴ് ഫയർഫോഴ്‌സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കി.
രാവിലെ 11 മണിയോടെ തീ പടരുന്നത് നിയന്ത്രിക്കാൻ സാധിച്ചെങ്കിലും മരം ഉരുപ്പടികൾ കാരണം അഗ്നിബാധ പൂർണമായി അണക്കാൻ സാധിച്ചില്ല. തുടർന്ന് മൂന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കത്തിയ വസ്തുക്കൾ നീക്കം ചെയ്തു. ഇന്നലെ രാത്രി ഫാക്ടറിയിൽ ജോലി ഉണ്ടായിരുന്നില്ല. പ്രവർത്തനം നിർത്തിയാലും ബോയിലറിൽ നിന്നുള്ള തീ പൂർണമായി അണയാൻ സമയം എടുക്കുന്നതിനാൽ അവിടെ നിന്നാകാം തീ പടർന്നതെന്ന നിഗമനത്തിലാണ് അധികൃതർ.
ഫാക്ടറിക്ക് സമീപത്തു താമസിക്കുന്ന തൊഴിലാളികളാണ് ആദ്യം ഇത് ശ്രദ്ധയിൽപെടുത്തിയത്. തീപിടിത്തത്തിൽ ബോയിലർ, ഡ്രയർ, ഫീലിംങ് മെഷീനുകൾ, ഫെയ്‌സ് വിനീർ മെഷീൻ, പശ നിർമ്മിക്കാൻ ഉപയോഗിക്കുന്ന നൂറോളം ചാക്ക് അസംസ്കൃത വസ്തുക്കൾ, പാനൽ ബോർഡുകൾ, വിനീർ ഉണക്കാൻ ഉപയോഗിക്കുന്ന സ്റ്റീമറുകൾ എന്നിവ പൂർണമായി കത്തിനശിച്ചു. വലിയ തോതിൽ പ്ലൈവുഡും വിനീറും കത്തിച്ചാമ്പലായി. ഷെഡിന്റെ മേൽക്കൂരയും പൂർണമായി തകർന്നിച്ചുണ്ട്.
കണ്ണൂർ സ്റ്റേഷൻ ഓഫിസർ പി. പവിത്രന്റെ നേതൃത്വത്തിൽ ഏകദേശം 40 അഗ്നിശമന സേനാംഗങ്ങൾ വൈകുന്നേരം വരെ കഠിനമായി പ്രവർത്തിച്ചു. വളപട്ടണം സ്വദേശി കെ. എസ്. അബ്ദുൽ സത്താറിന്റെ ഉടമസ്ഥതയിലുള്ള സെഞ്ചുറി പ്ലൈവുഡ് കമ്പനിയിൽ ഏകദേശം 300 ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

