ജലബോംബായി ക്വാറിയിലെ ജലാശയം
text_fieldsഉരുൾപൊട്ടൽ ദുരന്തമുണ്ടായ കണിച്ചാർ പൂളക്കുറ്റി
പരിധിയിലെ ക്വാറികളിലൊന്ന്
ളകം: ഉരുൾപൊട്ടൽ, മലയിടിച്ചിൽ പരമ്പരയുണ്ടായ കണിച്ചാർ, പൂളക്കുറ്റി, നിടുംപൊയിൽ പരിസരങ്ങളിലെ മലഞ്ചെരിവുകളിൽ പ്രവർത്തിക്കുന്ന രണ്ട് കരിങ്കൽ ക്വാറികൾക്കെതിരെ വൻ പ്രതിഷേധം. ക്വാറികളുടെ പ്രകമ്പനത്തിൽ വിണ്ടുകീറിയ മലകളിലാണ് 15ലേറെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്.
നിടുംപൊയിൽ 24ാം മൈലിൽ 'ഭാരത്', 27ാം മൈലിൽ സെമിനാരി വില്ലക്കുസമീപം 'ശ്രീലക്ഷ്മി' എന്നീ ക്വാറികളാണ് പ്രവർത്തിക്കുന്നത്.
27ാം മൈലിനുസമീപം കണ്ണവം വനത്തിൽ നിന്നും വലിയ ഉരുൾപൊട്ടിയാണ് നിടുംപൊയിൽ ചുരം റോഡിൽ ഗതാഗത തടസ്സമുണ്ടായതും റോഡ് തകർന്നതും. ഇവിടെ ക്വാറിക്കുള്ളിലെ തടാകസമാനമായ വെള്ളക്കെട്ട് ജലബോംബാണെന്നും ഇത് പൊട്ടിയാൽ താഴ്വാരത്തെ പ്രദേശങ്ങൾ ഇല്ലാതായി വൻ ദുരന്തമുണ്ടാവുമെന്നും നാട്ടുകാർ പറഞ്ഞു.
പൂളക്കുറ്റി വെള്ളറയിൽ മണാലി ചന്ദ്രൻ (55), അരുവിക്കൽ രാജേഷ് (40) എന്നിവരുടെ മരണത്തിനിടയാക്കിയ ഉരുപൊട്ടലുകളുണ്ടായത് 27ാം മൈൽ ക്വാറിയിൽനിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ്. ഈ പ്രദേശത്തായി നിരവധി മണ്ണിടിച്ചിലുമുണ്ടായി. 27ാം മൈൽ ക്വാറിയിൽ കരിങ്കൽ പൊട്ടിച്ചിടത്തുണ്ടായ വലിയ തടാകസമാനമായ ജലാശയം മലമുകളിൽ വെള്ളത്തെ തടഞ്ഞുനിർത്തി അപകട സാധ്യത വർധിപ്പിക്കുകയാണ്. കൂടാതെ ഇതേ ക്വാറിയിൽതന്നെ മാലിന്യവും മണ്ണും നിക്ഷേപിച്ച് വലിയ കുഴി കുളംപോലെ രൂപപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കണ്ണവം വനത്തിന്റെ നിടുംപൊയിൽ സെക്ഷൻ വനത്തിൽനിന്നും ഒഴുകിവരുന്ന തോട് ക്വാറി പ്രദേശത്ത് കോൺക്രീറ്റ് കുഴലിലൂടെയാണ് പുറത്തേക്കൊഴുകുന്നത്. ഉരുൾപൊട്ടി പാറയും മരങ്ങളുംവന്ന് കുഴലുകൾ അടയുകയും കൂടുതൽ പ്രദേശങ്ങളിലൂടെ ഉരുളൊഴുകി നഷ്ടമുണ്ടായതായും പ്രദേശവാസികൾ ആരോപിക്കുന്നു.
24ാം മൈലിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായ ചെക്യേരി കോളനി. ഈ ക്വാറി പ്രവർത്തിക്കുന്ന മലയുടെ മറുവശത്തുനിന്നും ഉരുൾപൊട്ടിയൊഴുകിയാണ് നെടുംപുറംചാൽ മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഈ വെള്ളത്തിലൊഴുകിയാണ് രണ്ടര വയസ്സുകാരി നുമ തെസ്മിൻ മരിച്ചതും.
നേരത്തെതന്നെ ഈ ക്വാറികൾക്കെതിരെ പ്രദേശവാസികൾ മുഖ്യമന്ത്രിക്കും പഞ്ചായത്തിലുമടക്കം പരാതികൾ നൽകിയിരുന്നു. ക്വാറിയിൽ വെടിപൊട്ടിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തിൽ വീടുകൾക്ക് വിള്ളലുണ്ടാകുന്നു, ക്വാറിയിൽ നിന്നും മലിനജലം തോട്ടിലൊഴുക്കുന്നു തുടങ്ങിയവയായിരുന്നു പരിഹാരം തേടി ചുവപ്പുനാടയിലുള്ള പരാതികൾ.
നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്ക് തഹസിൽദാർ, സബ് ജഡ്ജി, പഞ്ചായത്ത്, റവന്യൂ അധികൃതർ എന്നിവർ ക്വാറി സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി. വ്യാഴാഴ്ച ഉരുൾപൊട്ടൽ മേഖലയിലെത്തിയ മന്ത്രി എം.വി. ഗോവിന്ദന്റെ മുന്നിലും നാട്ടുകാർ ക്വാറിക്കെതിരെയുള്ള പരാതികളുടെ കെട്ടഴിച്ചു.