കേസുകൾ നീളുന്നത് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടപ്പെടുത്തും -മുഖ്യമന്ത്രി
text_fieldsതലശ്ശേരി: കേസുകള്‍ അനന്തമായി നീണ്ടുപോകുന്നത് സാധാരണക്കാർക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അതുണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ കോടതികളിൽ അഞ്ച് കോടിയോളം കേസുകളാണ് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിലെ പുതിയ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസുകള്‍ തീര്‍പ്പാക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ കുറച്ചുനാള്‍ മുമ്പ് പരാമര്‍ശിച്ചു. ആ വാക്കുകളെ അതീവ ഗൗരവത്തോടെ കാണാനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. കോടതി മാത്രം വിചാരിച്ചാൽ കേസുകള്‍ വേഗത്തില്‍ തീര്പ്പാകണമെന്നില്ല. അതിനു പിന്നില്‍ പല ഘടകങ്ങളുണ്ട്. വാദിയുടെയും പ്രതിയുടെയും വക്കീലന്മാര് തുടര്‍ച്ചയായി കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെടുന്നതും ഒരു കാരണമാണ്.
ന്യായാധിപന്മാരുടെ കുറവ് മറ്റൊരു കാരണമാണ്. ആധുനിക സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി കേസുകളുടെ എണ്ണം കുറക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തണം. കഴിഞ്ഞ എട്ടരവര്ഷത്തിനകം 105 കോടതികളാണ് കേരളത്തില്‍ സ്ഥാപിച്ചത്. രാജ്യത്താദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പര്‍രഹിത ഡിജിറ്റല്‍ കോടതി കൊല്ലത്ത് ആരംഭിച്ചതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

