വെളിച്ചെണ്ണ പുറത്ത് ലിറ്ററിന് 400ൽ താഴെ; സപ്ലൈകോയിൽ 459 രൂപ
text_fieldsകണ്ണൂര്‍: വെളിച്ചെണ്ണവില പിടിച്ചുനിര്‍ത്താനെന്ന് പറഞ്ഞ് ഭക്ഷ്യമന്ത്രി നടപ്പാക്കിയ പദ്ധതി ജനവഞ്ചനയായി. പൊതുവിപണിയില്‍ വെളിച്ചെണ്ണക്ക് ഇപ്പോള്‍ ലിറ്ററിന് 400 രൂപയിൽ താഴെയാണ് വില. എന്നാല്‍, സപ്ലൈകോ വഴി ഒരുലിറ്റര്‍ കേര വെളിച്ചെണ്ണ 459 രൂപക്ക് വില്‍ക്കുമെന്നാണ് മന്ത്രി അനില്‍ പറഞ്ഞത്. തിങ്കളാഴ്ച മുതല്‍ സപ്ലൈകോ ഡിപ്പോകള്‍ വഴി ഇവ വിതരണം ചെയ്യാനാണ് തീരുമാനം. ഇതുകൂടാതെ 359 രൂപക്ക് കാര്‍ഡ് ഒന്നിന് പ്രതിമാസം ഒരുലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. വില വര്‍ധന പിടിച്ചുനിര്‍ത്തലാണ് ലക്ഷ്യമെങ്കില്‍ 400ൽ താഴെ രൂപക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന വെളിച്ചെണ്ണ എന്തിനാണ് 459 രൂപക്ക് സര്‍ക്കാര്‍ തന്നെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേൽപിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. പൊതുവിപണിയിൽ വില കുറഞ്ഞിട്ടും വില കുറച്ച് വിൽക്കാനുള്ള നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്.
പൊതുവിപണിയിൽ 450ന് മുകളിൽ കുതിച്ചുകയറിയ വെളിച്ചെണ്ണ വില ഇപ്പോൾ തിരിച്ചിറങ്ങുകയാണ്. 390 രൂപ മുതൽ 400 വരെയാണ് ജില്ലയിൽ വിവിധയിടങ്ങളിലെ വില. വില കുത്തനെ ഉയർന്നതോടെ ആളുകൾ വെളിച്ചെണ്ണ വാങ്ങിക്കുന്നത് കുറഞ്ഞിരുന്നു. ഹോട്ടലുകളും പലഹാര നിർമാണ ശാലകളും മറ്റ് എണ്ണകളിലേക്ക് തിരിഞ്ഞു. തേങ്ങക്കും വില 80 കടന്നതോടെ പല വെളിച്ചെണ്ണ മില്ലുകളും അടച്ചുപൂട്ടിയിരുന്നു. ഓണവിപണിയിൽ വെളിച്ചെണ്ണ വില കുറയുമെന്നാണ് പ്രതീക്ഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

