കണ്ണൂർ സിറ്റിയുടെ ചരിത്രവും പൈതൃകശേഷിപ്പുകളും സംരക്ഷിക്കും –മന്ത്രി
text_fieldsകണ്ണൂർ: സിറ്റിയുടെ ബൃഹത്തായ ചരിത്രവും പൈതൃകശേഷിപ്പുകളും ശാസ്ത്രീയമായി സംരക്ഷിക്കാനും ആവശ്യമായ പുനരുദ്ധാരണം നടത്താനും കേരളസർക്കാറും ബന്ധപ്പെട്ട വകുപ്പുകളും ഇടപെടുമെന്ന് തുറമുഖം പുരാവസ്തുമന്ത്രി അഹമ്മദ് ദേവർകോവിൽ.അറക്കൽ രാജകുടുംബത്തിെൻറ ആസ്ഥാന നഗരമെന്നനിലയിലും കഴിഞ്ഞ നൂറ്റാണ്ടുകളിൽ സമുദ്ര വാണിജ്യകേന്ദ്രമെന്ന നിലയിലും വളരെയേറെ പ്രാധാന്യമുള്ളതാണ് കണ്ണൂർ സിറ്റി.
വൈദേശിക ശക്തികളെ ചെറുത്തുനിന്ന പാരമ്പര്യവും ജാതിമതങ്ങൾക്കതീതമായി നാടിെൻറ വികസനത്തിന് നേതൃത്വം നൽകിയ അറക്കൽ ഭരണാധികാരികളുടെ ചരിത്രവും ഏറെ പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷൻ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കണ്ണൂർ സിറ്റിയിലെ അറക്കൽ രാജകുടുംബത്തിെൻറ അധീനതയിലുള്ള മ്യൂസിയവും ജീർണാവസ്ഥയിലുള്ള അനുബന്ധ അറക്കൽ കെട്ടിടങ്ങളും പുനരുദ്ധാരണം സംബന്ധിച്ച് വകുപ്പിെൻറ ഭാഗത്തുനിന്ന് എല്ലാ സഹകരണവും അദ്ദേഹം ഉറപ്പുനൽകി.കണ്ണൂർ സിറ്റിയിലെ പൈതൃകങ്ങളുടെ സംരക്ഷണവും സിറ്റിയുടെ ചരിത്രരചനയും മുഖ്യലക്ഷ്യമായി പ്രവർത്തിക്കുന്ന കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷെൻറ പ്രവർത്തനങ്ങൾ ഉൾപ്പെടെ പ്രോജക്ട് റിപ്പോർട്ടിെൻറ പകർപ്പ് മന്ത്രിക്ക് കൈമാറി.
കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് ശിഹാദ്, അറക്കൽ രാജകുടുംബാംഗം നിയാസ് ആദിരാജ, ഹെറിറ്റേജ് ഫൗണ്ടേഷൻ അംഗങ്ങളായ നാഫി റഹ്മാൻ, നാഷനൽ യൂത്ത് ലീഗ് പ്രതിനിധി ജുനൈദ് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.